സിനിമകൾ പിൻ‌‌വലിക്കില്ല; അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വന്ന് അങ്ങനെ പണം വാരണ്ട!

വ്യാഴം, 22 ഡിസം‌ബര്‍ 2016 (17:23 IST)
ക്രിസ്തുമസിന് ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ തുടരുമെന്ന് തീയേറ്റർ ഉടമകൾ. അന്യഭാഷാ ചിത്രങ്ങൾ പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യും. സിനിമാസമരം ശക്തമായതോടെ തിയറ്റർ ഉടമകൾക്കെതിരെ കടുത്ത തീരുമാനവുമായി വിതരണക്കാർ രംഗത്തെത്തിയിരുന്നു. ക്രിസ്മസിന് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് വ്യക്തമായപ്പോൾ ഇപ്പോൾ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സിനിമകളും പിൻവലിക്കുമെന്ന് സമരക്കാർ പറഞ്ഞിരുന്നു.
 
എന്നാൽ, ക്രിസ്മസ് റിലീസ് ഇല്ലാത്ത സാഹചര്യത്തിൽ അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ പണംവാരുമെന്ന് കണക്ക് കൂട്ടിയാണ് ചിത്രങ്ങ‌ൾ പിൻവലിക്കുന്നില്ലെന്ന് പറഞ്ഞത്. തിങ്കളാഴ്ച ചേരാനിരിക്കുന്ന ചർച്ചയിൽ  ഇക്കാര്യത്തിൽ അന്തിമതീരുമാനമാകും. ലിബര്‍ട്ടി ബഷീര്‍ നേതൃത്വം നല്‍കുന്ന കേരള സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങളുടെ തിയറ്ററുകളില്‍ നിന്ന് മോഹന്‍ലാലിന്റെ പുലിമുരുകന്‍, നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ആനന്ദം തുടങ്ങിയ ചിത്രങ്ങള്‍ പിന്‍വലിക്കുമെന്നാണ് വിതരണക്കാരും നിര്‍മാതാക്കളും പറഞ്ഞത്. 
 
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ അണിയറ പ്രവർത്തകരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ചിത്രം പ്രദർശനം തുടരുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍-സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ് ജയസൂര്യാ ചിത്രം ഫുക്രി,പൃഥ്വിരാജ് നായകനായ എസ്ര, എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്. മലയാള ചിത്രങ്ങൾ റിലീസാവാത്തത് അന്യഭാഷാ ചിത്രങ്ങളുടെ ലാഭം ഇരട്ടിയാക്കുമെന്നാണ് കണക്കുകൂട്ടൽ. 

വെബ്ദുനിയ വായിക്കുക