സിദ്ദിക്ക് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി, ചിരിയുടെ പൂരമായിരിക്കും ഇത്തവണ!

Webdunia
ബുധന്‍, 6 ജൂലൈ 2016 (14:24 IST)
ഭാസ്കര്‍ ദി റാസ്കലിന് ശേഷം സിദ്ദിക്ക് ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി നായകനാകുന്നു. എന്നാല്‍ ഇത്തവണ സിദ്ദിക്കല്ല സംവിധാനം. നിര്‍മ്മാതാവ് മാത്രമാണ് സിദ്ദിക്ക്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫി. തിരക്കഥയെഴുതുന്നത് റാഫി.
 
എസ് ടാക്കീസിന്‍റെ ബാനറില്‍ സിദ്ദിക്ക് നിര്‍മ്മിക്കുന്ന ഈ സിനിമ അടുത്ത വര്‍ഷം സംഭവിക്കും. എസ് ടാക്കീസ് നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ ജയസൂര്യയാണ് നായകന്‍. സിദ്ദിക്ക് തന്നെ രചനയും സംവിധാനവും നിര്‍വഹിക്കും. അടുത്തവര്‍ഷം എസ് ടാക്കീസിന് സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഒരു ദിലീപ് ചിത്രവുമുണ്ട്.
 
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായ 2 കണ്‍‌ട്രീസിന് ശേഷം റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് ഈ മമ്മൂട്ടിച്ചിത്രം. ഇതൊരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും.
 
റാഫി ഇപ്പോള്‍ ദിലീപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ത്രീഡി ചിത്രത്തിന്‍റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ആ സിനിമയ്ക്ക് ശേഷം റാഫി മമ്മൂട്ടിച്ചിത്രത്തിന്‍റെ രചനയില്‍ പ്രവേശിക്കും. അതിനിടെ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും റാഫിക്ക് ആലോചനയുണ്ട്. 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട് എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍.
Next Article