മമ്മൂട്ടിയുടെ പുതിയ സിനിമ 'വര്‍ഷം' ചിത്രീകരണം പൂര്‍ത്തിയായി. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി വേണു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെക്കാലത്തെ വിദേശവാസത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തി സ്വന്തം കുടുംബകാര്യങ്ങളില്‍ ഒതുങ്ങിക്കഴിയുകയാണ് വേണു. അയാള്‍ ഒരു ചെറിയ ഫിനാന്‍സ് സ്ഥാപനം തുടങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നു. അതോടെ ശത്രുക്കളും തലപൊക്കിത്തുടങ്ങി.
മണവാളന്‍ പീറ്റര്‍ ആണ് വേണുവിന്‍റെ പ്രധാന ശത്രു. ബിസിനസ് ലോകത്തെ ഒരു വമ്പന്‍ സ്രാവ്. വേണുവും മണവാളന്‍ പീറ്ററും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് വര്‍ഷം പറയുന്നത്.
മണവാളന്‍ പീറ്റര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടി ജി രവിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊടിയ വില്ലന്‍ കഥാപാത്രമായി ടി ജി രവി അഭിനയിക്കുന്നത്. ആശാ ശരതും ഗോവിന്ദ് പത്മസൂര്യയും മംമ്തയും പ്രധാനവേഷങ്ങളില്‍ ഉണ്ടാകും.
മമ്മൂട്ടി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന വര്‍ഷത്തിന്‍റെ ഛായാഗ്രഹണം സുജിത് വാസുദേവ് ആണ്. ബിജിബാല്‍ ആണ് സംഗീതം. ഈ വര്‍ഷം മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് വര്‍ഷം.
കഴിഞ്ഞ ഡിസംബറിലാണ് വര്‍ഷത്തിന്‍റെ കഥയുമായി രഞ്ജിത് ശങ്കര്‍ മമ്മൂട്ടിയെ സമീപിക്കുന്നത്. കഥ കേട്ട് ഇഷ്ടമായ മമ്മൂട്ടി ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു.
ബിജിബാല്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് വര്‍ഷത്തിലുള്ളത്. പുണ്യാളന്‍ അഗര്‍ബത്തീസ് പോലെ വര്‍ഷത്തിന്‍റെ പ്രധാന ലൊക്കേഷനും തൃശൂര്‍ തന്നെയായിരുന്നു. എന്നാല്‍ തൃശൂര്‍ സ്ലാംഗ് ചിത്രത്തില്‍ ഉപയോഗിക്കുന്നില്ല.
പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്‍റി റോക്സ്, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമകള്‍.