വെനീസിലെ വ്യാപാരി: കഥ സലീമിന്‍റേത്, പക്ഷേ സലീമിന് കഥയറിയില്ല!

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2011 (16:42 IST)
PRO
മമ്മൂട്ടി - ഷാഫി ടീം ഒരുമിക്കുന്ന ‘വെനീസിലെ വ്യാപാരി’ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുകയാണ്. പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 1980 മുതല്‍ 85 വരെയുള്ള കാലഘട്ടമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്. ഒരു സാധാരണ പൊലീസുകാരനായ പവിത്രന്‍ പിന്നീട് വ്യാപാരിയായി മാറുന്നതാണ് കഥ.

ജെയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന ഈ സിനിമയുടെ കഥ നടന്‍ സലിം കുമാറിന്‍റേതാണ്. എന്നാല്‍ ചിത്രീകരണം തുടങ്ങി, ഈ സിനിമയില്‍ അഭിനയിക്കാനെത്തുന്നതുവരെ സിനിമയുടെ കഥയെന്തെന്ന് സലിമിന് അറിയില്ലായിരുന്നു! ഇതെന്താണ് സംഭവം എന്നാണോ?

ഈ സിനിമയുടെ തുടക്കം ‘ചട്ടമ്പിനാട്’ എന്ന ഷാഫി ചിത്രത്തിന്‍റെ ലൊക്കേഷനിലാണ്. ഒരു ദിവസം ലൊക്കേഷനില്‍ വച്ച് വളരെ ഗൌരവത്തില്‍ സലിം കുമാര്‍ ഷാഫിയെ വിളിച്ച് തന്‍റെ കൈയില്‍ ഒരു കഥയുണ്ടെന്ന് അറിയിച്ചു. കഥ കേള്‍ക്കാനായി ആകാംക്ഷയോടെ കാത്തുനിന്ന ഷാഫിയോട് സലിം പറഞ്ഞു - “വെനീസിലെ വ്യാപാരി”.

അതെന്താണെന്ന രീതിയില്‍ ഷാഫി നോക്കിയപ്പോള്‍ സലിം പറഞ്ഞു - “അതാണ് കഥ. വെനീസിലെ വ്യാപാരി. അത്രേയുള്ളൂ. ബാക്കിയൊക്കെ നിങ്ങള്‍ ഉണ്ടാക്കിക്കോളൂ”. എങ്ങനെയുണ്ട്. എന്നാല്‍ ആ ടൈറ്റില്‍ അങ്ങനെ വിട്ടുകളയാന്‍ ഷാഫി ഒരുക്കമായിരുന്നില്ല. ‘വെനീസിലെ വ്യാപാരി’ എന്ന ടൈറ്റില്‍ മമ്മൂട്ടിക്കും ഇഷ്ടപ്പെട്ടു. ‘ആലപ്പുഴയിലെ കച്ചവടക്കാരന്‍റെ കഥ’ എന്ന ഒരു ചിന്ത മാത്രമാണ് ഷാഫിയുടെ മനസില്‍ ഉയര്‍ന്നത്.

ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാടിന്‍റെ ലൊക്കേഷനില്‍ ഒരു ദിവസം തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് എത്തുന്നതോടെയാണ് ഈ പ്രൊജക്ട് വഴിത്തിരിവിലെത്തുന്നത്. ‘വെനീസിലെ വ്യാപാരി’ എന്ന ടൈറ്റിലില്‍ നിന്ന് ഒരു കഥയുണ്ടാക്കാന്‍ പറ്റുമോ എന്ന് ജയിംസിനോട് ഷാഫി ആരാഞ്ഞു. പേര് ഇഷ്ടപ്പെട്ട ജയിംസ് ആല്‍ബര്‍ട്ട് കുഞ്ഞാടിന്‍റെ ലൊക്കേഷനിലിരുന്നുതന്നെ കഥയുടെ വണ്‍‌ലൈനുണ്ടാക്കി!

രസകരമായ വസ്തുത ഇതൊന്നുമല്ല. വെനീസിലെ വ്യാപാരി എന്ന തിരക്കഥ ജെയിംസ് എഴുതി പൂര്‍ത്തിയാക്കി. ആലപ്പുഴയില്‍ ഷൂട്ടിംഗും തുടങ്ങി. ഈ കഥയില്‍ സലിം കുമാറിന് അവതരിപ്പിക്കാന്‍ പറ്റിയ ഒരു വേഷമുണ്ടെന്ന് മനസിലാക്കിയ ഷാഫി സലിമിനെ അഭിനയിക്കാന്‍ ക്ഷണിച്ചു. “ഈ ചിത്രത്തിന്‍റെ സെറ്റില്‍ വന്ന് ജോയിന്‍ ചെയ്യുന്നതുവരെ വെനീസിലെ വ്യാപാരിയുടെ കഥ എന്താണെന്ന് സലിമിന് അറിയില്ലായിരുന്നു” - ഷാഫി വ്യക്തമാക്കി.