കഴിഞ്ഞ ചിത്രങ്ങളുടെ മികച്ച പ്രകടനം അടുത്തവീട്ടിലെ സുന്ദരിയുടെ ഇമേജാണ് വിദ്യാബാലനു നല്‍കിയത്. സാരിയുടുത്ത് അടങ്ങിയൊതുങ്ങി കഴിയുന്ന അടുത്ത വീട്ടിലെ സുന്ദരി വേഷം വിദ്യാ ബാലനു മടുത്തു തുടങ്ങി. അല്‍പം ഗ്ലാമറായാല്‍ എന്തെന്നാണ് വിദ്യയുടെ മനോവിചാരം. പുതിയ ചിത്രമായ ‘ഹേ ബേബി’യില്‍ മാറ്റത്തിനു തയ്യാറാകുകയാണ് വിദ്യ. പുതിയ ചിത്രത്തില്‍ അടിമുടി പടിഞ്ഞാറന്‍ സുന്ദരിയായാണ് എത്തുന്നത്.
വിദ്യയുടെ ഭാഗമായി മാറിയ സാരിയും സല്‍വാറും ഉപേക്ഷിച്ച് ജിന്‍സിലേക്കും ടോപ്പിലേക്കും മാറ്റി വിദ്യയെ പരിഷ്കരിക്കുന്നത് ഡിസൈനര്‍ മനീഷ മല്‍ഹോത്രയാണ്. ചിത്രത്തിന്‍റെ സംവിധായകന്‍ സാജിത്ഖാന്‍ ബോളീവുഡില്‍ തനിക്ക് പുതിയൊരു ജീവിതം നല്‍കുമെന്ന് വിദ്യ പ്രതീക്ഷിക്കുന്നു. പാരമ്പര്യ വേഷങ്ങള്‍ ഇഷ്ടമാണെങ്കിലും ഈ ചിത്രത്തിലെ മോഡേണ്‍ വേഷങ്ങള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും ഈ സുന്ദരി പറയുന്നു.
അക്ഷയ്‌കുമാര്‍, റിതേഷ് ദേശ്മുഖ്, ഫര്‍ദീന്‍ ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്‍മാര്‍. ഓസ്ട്രേലിയയില്‍ നടക്കുന്ന സിനിമയില്‍ അവിവാഹിതരായി പെണ്ണുങ്ങള്‍ക്ക് പുറകേ നടക്കുന്ന പൂവാലന്‍മാരാണ് ഇവരെല്ലാം. ബോളീവുഡിലെ ഒരു പറ്റം സുന്ദരികളും ഈ ചിത്രത്തില്‍ തല കാട്ടുന്നു.
‘പരിണീത’യിലൂടെ മലയാളി സുന്ദരി വിദ്യബാലന്‍ ബോളീവുഡില്‍ അവതരിച്ചപ്പോള്‍ മധുബാലയുടെ കാലാതീതമായ സൗന്ദര്യവും മീനകുമാരിയുടെ കുലീനതയും വീണ്ടും ഹിന്ദി വെള്ളിത്തിരയിലേക്ക് മടങ്ങി എത്തി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ‘ലഹേ രഹോ മുന്നാഭായി’ കൂടി വിജയിച്ചതോടെ ബോളീവിഡിന് വിദ്യ സ്വന്തം വീട്ടിലെ പെണ്‍കുട്ടിയായി മാറി. വിദ്യയുടെ പുതിയ മാറ്റം കാത്തിരിക്കുകയാണ് ബോളീവുഡ്.