രജനികാന്തിന്‍റെ പിന്‍ഗാമി ആരായിരിക്കുമെന്നതില്‍ തമിഴ്നാട്ടില്‍ തര്‍ക്കം അവസാനിക്കുന്നില്ല. അത് വിജയ് ആയിരിക്കുമെന്ന് ഇളയദളപതി ആരാധകരും അജിത് ആയിരിക്കുമെന്ന് തല ആരാധകരും വാദിക്കുന്നു. അജിത്തിന്‍റെ പുതിയ ചിത്രം 'യെന്നൈ അറിന്താല്‍' ഗംഭീര വിജയമാക്കാനുള്ള ശ്രമങ്ങളിലാണ് തല രസികര്‍.
അതേസമയം, വിജയുടെ 'കത്തി' പ്രദര്‍ശനവിജയത്തിന്‍റെ 100 ദിവസങ്ങള്‍ പിന്നിട്ടു. 2014ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ തമിഴ് സിനിമയാണ് കത്തി. റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ ഈ സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തിയില്‍ സമാന്തയായിരുന്നു നായിക. നീല്‍ നിതിന്‍ മുകേഷിന്‍റെ വില്ലന്‍ കഥാപാത്രവും അനിരുദ്ധ് ഈണമിട്ട ഗാനങ്ങളും ശ്രദ്ധേയമായി.
വിജയ് ഇരട്ട വേഷങ്ങളിലഭിനയിച്ച ഈ സിനിമ ശ്രീലങ്കന്‍ ബന്ധത്തിന്‍റെ പേരില്‍ വിവാദങ്ങളുയര്‍ത്തിയെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങുകയായിരുന്നു. ചിത്രം വന്‍ വിജയം നേടിയതോടെ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകളും പുരോഗമിക്കുന്നു. സല്‍മാന്‍ ഖാനായിരിക്കും കത്തിയുടെ ഹിന്ദി റീമേക്കിലെ നായകനെന്നാണ് സൂചനകള്‍.