'ഗീതാഞ്ജലി' എന്ന മോഹന്‍ലാല്‍ - പ്രിയദര്ശന് ചിത്രത്തിലൂടെ അരങ്ങേറിയ നായിക കീര്‍ത്തി സുരേഷ് ഇനി തമിഴിലേക്ക്. തമിഴിലെ സൂപ്പര്‍ സംവിധായകന് എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി നായികയാകുന്നത്. യംഗ് സൂപ്പര്‍സ്റ്റാര്‍ വിക്രം പ്രഭുവാണ് കീര്‍ത്തിയുടെ നായകന്.
താണ്ഡവം, തലൈവാ, മദിരാസിപ്പട്ടിണം, ദൈവത്തിരുമഗള്‍ തുടങ്ങിയ വമ്പന്‍ സിനിമകള്‍ ഒരുക്കിയ എ എല്‍ വിജയ് അടുത്തതായി ചെയ്യുന്നത് ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. നായികയ്ക്ക് ഏറെ പ്രാധാന്യമുള്ള ഒരു കഥയാണിത്. അതുകൊണ്ടുതന്നെ കീര്‍ത്തി സുരേഷിന് ഇത് തമിഴില്‍ മികച്ച തുടക്കം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
കുംകി, ഇവന് വേറമാതിരി, അരിമനമ്പി എന്നീ ഹിറ്റുകള്‍ നല്കിയ വിക്രം പ്രഭു യുവനിരയിലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന താരമാണ്.
ഇതുകൂടാതെ ഒരു തെലുങ്ക് ചിത്രത്തിലേക്കും കീര്‍ത്തി സുരേഷ് കരാറായിട്ടുണ്ട്. നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെയും മകളാണ് കീര്‍ത്തി സുരേഷ്.