വിജയ് ചിത്രം മെര്‍സലിനു ഹൈക്കോടതി സ്റ്റേ; സിനിമയുടെ പരസ്യം പോലും പാടില്ലെന്ന് കര്‍ശന നിര്‍ദേശം

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (16:31 IST)
വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മെര്‍സലിനു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. വിജയ് - അറ്റ്ലി ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്ന് 24 മണിക്കൂറിനകമാണ് ചിത്രം സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവ് ഇറങ്ങിയത്. അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെര്‍സല്‍ എന്ന പേരില്‍ ചിത്രത്തിന്റെ പരസ്യം, വിതരണം, റിലീസ് തുടങ്ങിയവ പാടില്ലെന്ന് കോടതി അറിയിച്ചു.
 
ആവശ്യമായ രജിസ്‌ട്രേഷനൊന്നും കൂടാതെയാണ് ചിത്രത്തിനു മെര്‍സല്‍ എന്ന പേര് ഇട്ടിരിക്കുന്നതെന്ന് കാട്ടി എ.ആര്‍ ഫിലിംസിന്റെ എ.രാജേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിധി. തങ്ങള്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത ‘മെര്‍സല്‍ ആയിട്ടേന്‍’ എന്ന പേരിന് സമാനമാണ് ചിത്രത്തിന്റെ പേരെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ഒക്ടോബര്‍ 3 വരെയാണ് ചിത്രത്തിന്റെ സ്റ്റേ. 
 
ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച്ചയാണ് പുറത്തുവന്നത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്. ഒരു മിനിറ്റും 15 സെക്കന്റ് ദൈര്‍ഘ്യമുളളതുമാണ് ടീസര്‍. ടീസറില്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് വിജയ് ആണ്. തെറിക്ക് ശേഷം അറ്റ്ലിയും വിജയ്‌യും ഒന്നിക്കുന്ന സിനിമയാണ് മെര്‍സല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article