തുപ്പാക്കി, തലൈവാ തുടങ്ങിയ സിനിമകളിലൂടെ ഇളയദളപതി വിജയും അഞ്ചാനിലൂടെ സൂര്യയും മുംബൈ തങ്ങളുടെ ഇഷ്ട ലൊക്കേഷനാക്കി. ഇപ്പോഴിതാ മോഹന്‍ലാലും മുംബൈയിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന 'ലൈലാ ഓ! ലൈലാ' എന്ന സിനിമയുടെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിക്കും.
ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം മുംബൈയിലാണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം. മഞ്ജു വാര്യര്‍ ഈ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായെത്തുമെന്നാണ് സൂചന. കഹാനി, സിംഗ് ഈസ് കിംഗ് തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്ത് സുരേഷ് നായരാണ് 'ലൈലാ ഓ! ലൈല'യ്ക്ക് തിരക്കഥയെഴുതുന്നത്.
ഓഗസ്റ്റ് ഒന്നിനാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ആര് ഡി രാജശേഖര്‍ ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുമെന്നും അറിയുന്നു.
മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് ഇതാദ്യമല്ല മുംബൈ പശ്ചാത്തലമാകുന്നത്. ആര്യന്, ഇന്ദ്രജാലം, അഭിമന്യു തുടങ്ങിയ മെഗാഹിറ്റ് ലാല്‍ച്ചിത്രങ്ങള്‍ മുംബൈ പശ്ചാത്തലത്തില്‍ ഒരുങ്ങിയവയാണ്.