വിക്രമിന്‍റെ മക്കളായി സൂര്യയും കാര്‍ത്തിയും!

Webdunia
ചൊവ്വ, 11 ഓഗസ്റ്റ് 2015 (16:21 IST)
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാ‍നില്ലാത്ത നടനാണ് വിക്രം. അതുകൊണ്ടുതന്നെ വിക്രമിന്‍റെ അടുത്ത പ്രൊജക്ട് ഏതായിരിക്കുമെന്ന ആകാംക്ഷ പ്രേക്ഷക സമൂഹത്തിന് എപ്പോഴുമുണ്ട്. പുതിയ വാര്‍ത്ത, തമിഴിലെ സൂപ്പര്‍താര സഹോദരങ്ങളായ സൂര്യയുടെയും കാര്‍ത്തിയുടെയും പിതാവായി വിക്രം അഭിനയിക്കുന്നു എന്നാണ്.
 
ഹോളിവുഡ് സിനിമയായ ‘വാരിയര്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോഴാണ് വിക്രമും സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദിയില്‍ ജാക്കി ഷ്‌റോഫ്, അക്ഷയ്കുമാര്‍, സിദ്ദാര്‍ത്ഥ് മല്‍‌ഹോത്ര എന്നിവര്‍ ഒന്നിക്കുന്ന സിനിമയുടെ പേര് ‘ബ്രദേഴ്സ്’ എന്നാണ്.
 
പരസ്പരം പോരടിക്കുന്ന സഹോദരങ്ങളും അവരുടെ മദ്യത്തിനടിമയായ പിതാവും ഉള്‍പ്പെട്ട സംഘര്‍ഷഭരിതമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ സിനിമ വികസിക്കുന്നത്. വിക്രമും സൂര്യയും കാര്‍ത്തിയും ഒന്നിക്കുന്നത് ഇതാദ്യമായാണ്. എന്തിന്, സൂര്യയും കാര്‍ത്തിയും ഒരുമിച്ച് അഭിനയിക്കുന്നതും ഇത് ആദ്യം തന്നെ. വിക്രവും സൂര്യയും ‘പിതാമഹന്‍’ എന്ന ചിത്രത്തില്‍ ഒരുമിച്ചിരുന്നു.
 
ഇപ്പോള്‍ ‘10 എണ്‍‌റതുക്കുള്ളേ’ എന്ന ത്രില്ലറില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രം. ‘24’ എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലറിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്.