വിക്രം കടുത്ത പ്രതിസന്ധിയില്‍, നിര്‍മ്മാതാക്കള്‍ പിന്‍‌മാറുന്നു, താരം പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ട്!

Webdunia
ബുധന്‍, 4 നവം‌ബര്‍ 2015 (14:36 IST)
തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ വിക്രം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഒടുവില്‍ പുറത്തിറങ്ങിയ ‘10 എണ്‍‌ട്രതുക്കുള്ളെ’ ദയനീയ പരാജയമായതോടെ വിക്രമിനെ വച്ച് സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍‌പ്പര്യമില്ലത്രേ. വിക്രം നായകനാകുന്ന ബിഗ് ബജറ്റ് സിനിമകളെല്ലാം ബോക്സോഫീസില്‍ തകര്‍ന്നടിയുന്നത് താരത്തെയും അദ്ദേഹത്തിന്‍റെ ആരാധകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിക്രം തന്‍റെ പ്രതിഫലം കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 
ഏറെ പ്രതീക്ഷകളുണര്‍ത്തിയാണ് ‘10 എണ്‍‌ട്രതുക്കുള്ളെ’ പ്രദര്‍ശനത്തിനെത്തിയത്. ഗോലിസോഡ എന്ന മെഗാഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനായ വിജയ് മില്‍ട്ടണ്‍ ആയിരുന്നു സംവിധായകന്‍. ഇന്ത്യന്‍ സിനിമയിലെ ബോക്സോഫീസ് വിസ്മയങ്ങളുടെ സംവിധായകനായ എ ആര്‍ മുരുഗദോസ് ആയിരുന്നു നിര്‍മ്മാണം. ‘ഐ’ക്ക് ശേഷം എത്തുന്ന വിക്രം ചിത്രം. അടിപൊളി ട്രെയിലറും പുറത്തിറങ്ങിയതോടെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിച്ചു.
 
എന്നാല്‍ സിനിമ ബോക്സോഫീസ് ദുരന്തമായി മാറി. കൃത്യമായ ഒരു കഥയില്ലാത്തതും അനാവശ്യമായ പാട്ടുരംഗങ്ങളും കുത്തിത്തിരുകിയ സംഘട്ടന രംഗങ്ങളുമെല്ലാം ചേര്‍ന്ന് സിനിമ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകര്‍ക്ക് മോശം അനുഭവമാണ് സമ്മാനിച്ചത്. ചെന്നൈയില്‍ നിന്ന് 12 ദിവസം കൊണ്ട് ആകെ സമ്പാദിച്ചത് രണ്ടരക്കോടി രൂപ മാത്രമാണെന്നത് ഈ സിനിമയുടെ വമ്പന്‍ തകര്‍ച്ചയെ സൂചിപ്പിക്കുന്നു. നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും കനത്ത നഷ്ടമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം.
 
അന്ന്യന് ശേഷം പുറത്തിറങ്ങിയ വിക്രം ചിത്രങ്ങള്‍ മജാ, ഭീമ, കന്തസാമി, രാവണന്‍, രാവണ്‍(ഹിന്ദി), ദൈവത്തിരുമകള്‍, രാജപാട്ടൈ, താണ്ഡവം, ഡേവിഡ്(ഹിന്ദിയും തമിഴും), ഐ എന്നിവയാണ്. ഇതില്‍ ദൈവത്തിരുമകള്‍ ഒഴികെ ബാക്കിയെല്ലാം ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. ഷങ്കര്‍ ചിത്രമായ ‘ഐ’ പോലും നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
 
‘അരിമനമ്പി’ ഫെയിം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘മര്‍മ്മ മനിതന്‍’ ആണ് വിക്രമിന്‍റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രം. ഈ സിനിമ ബിഗ് ബജറ്റില്‍ പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ ബജറ്റ് കുറയ്ക്കാന്‍ നിര്‍മ്മാതാവ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നാണ് വിവരം. 
 
മര്‍മ്മ മനിതന് ശേഷം വിക്രമിന് മറ്റ് ചിത്രങ്ങളൊന്നും കരാറായിട്ടില്ല. ഒട്ടേറെ സംവിധായകര്‍ വിക്രമിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. കഥാപാത്രത്തിനും സിനിമയ്ക്കും വേണ്ടി എത്ര ബുദ്ധിമുട്ടാനും തയ്യാറുള്ള വിക്രത്തേപ്പോലൊരു താരം ഏതൊരു സംവിധായകന്‍റെയും ഭാഗ്യമാണ്. എന്നാല്‍ പ്രൊജക്ടുകള്‍ക്ക് പണം മുടക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. വിക്രം ഈ പ്രതിസന്ധിയില്‍ നിന്ന് ഉടന്‍ കരകയറുമെന്ന് പ്രതീക്ഷിക്കാം.