വായിക്കേണ്ട, ഇനി മോഹന്‍ലാല്‍ ബ്ലോഗ് പറഞ്ഞു തരും!

Webdunia
തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (17:36 IST)
PRO
PRO
മലയാളത്തിന്റെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ബ്‌ളോഗുകള്‍ ഇനി വായിക്കേണ്ട. കാരണം ലാല്‍ അവ പറഞ്ഞു തരും. ദ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോം എന്ന സ്വന്തം വെബ്‌സൈറ്റില്‍ ഹൃദയാക്ഷരങ്ങള്‍ എന്ന പേരില്‍ സ്വന്തം കൈപ്പടയില്‍ എഴുതിവരുന്ന ബ്ലോഗുകള്‍ ദുബായിലെ റേയിഡോ മീ (മിഡില്‍ ഈസ്റ്റ്) എന്ന പുതിയ എഫ്എംചാനല്‍ പ്രക്ഷേപണം ചെയ്തു തുടങ്ങി. ദൈവത്തിനുളള കത്തുകളുടെ രൂപത്തിലാണ് ലാല്‍ ബ്ലോഗ് എഴുതുന്നുന്നത്. ഇതില്‍ ആം‌ആദ്മി കുറിച്ചുള്ള കുറിപ്പാണ് താരശബ്ദത്തില്‍ പ്രക്ഷേപണമാരംഭിച്ചിരിക്കുന്നത്.

മുന്നണിരാഷ്ട്രീയത്തോടും നിലിവിലുള്ള പാര്‍ട്ടികളോടുമുള്ള മടുപ്പുകൊണ്ട് പുതിയൊരു ജനകീയ മുന്നേറ്റത്തെ തുണയ്ക്കുന്നതിനു പിന്നില്‍ അരാഷ്ട്രീയതയല്ല, തന്റെ മക്കളടക്കമുള്ള യുവതലമുറയുടെ വ്യക്തമായ രാഷ്ട്രീയം തന്നെയാണുള്ളതെന്ന് ലാല്‍ അഭിപ്രായപ്പെടുന്നു. അതു നമ്മള്‍ മനസ്സിലാക്കുന്ന പരമ്പരാഗത രാഷ്ട്രീയമല്ല. അതുകൊണ്ടുതന്നെ ഈ മുന്നേറ്റത്തെ വിപ്ലവമെന്നല്ല, തിരിച്ചറിവ് എന്നു വിശേഷിപ്പിക്കാനാണു തനിക്കിഷ്ടമെന്നും താരം വ്യക്തമാക്കുന്നു. ഈ കുറിപ്പ് താരത്തിന്റെ തന്നെ ശബ്ദത്തില്‍, പതിഞ്ഞ സംഗീതത്തിന്റെ അകമ്പടിയോടെ റെക്കോര്‍ഡ് ചെയ്താണ് റേഡിയോ മീ പ്രക്ഷേപണം ചെയ്യുന്നത്. ശനിയാഴ്ച രാത്രി ഒമ്പതു മണിക്ക് ആദ്യ പ്രക്ഷേപണത്തോടെതന്നെ ഗള്‍ഫ് മലയാളികളുടെ ഇടയില്‍ പരിപാടി ഹിറ്റായി കഴിഞ്ഞു.

അടുത്ത പേജില്‍: ലാലിന്റെ പതിഞ്ഞ സ്വരം, മലയാളിയുടെ പ്രിയ സ്വരം!


PRO
PRO
മോഹന്‍ലാലിന്റെ പതിഞ്ഞ സ്വരം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മുന്‍പ് കാസറ്റുകളിലും മറ്റും ലാലിന്റെ അവതരണത്തോടെ ചലച്ചിത്ര ഗാനങ്ങള്‍ ഇറക്കിയിരുന്നു. ഇവ ഏറെ ജനപ്രിയമാകുകയും ചെയ്തു. പിന്നീട് ഗാനങ്ങള്‍ പാടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ജനപിന്തുണയാണ്.

സ്ഥിരം ചലച്ചിത്രഗാനപരിപാടികള്‍ക്കിടയില്‍ ഏറെ വ്യത്യസ്തമായ ബ്ലോഗ് താരത്തിന്റെ സ്വരത്തിലാക്കിയതിനു പിന്നില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും താരസുഹൃത്തും സംഗീതപരിപാടിയുടെ അവതാരകനുമെല്ലാമായ എംബി സനില്‍കുമാറിന്റെ പരിശ്രമമാണുള്ളത്.

ടിപി ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് ലാല്‍ കുറിച്ച നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഒരു താരത്തിന്റെ സാമൂഹിക രാഷ്ട്രീയനിലപാടുകള്‍ ഇങ്ങനെ സ്വന്തം ശബ്ദത്തില്‍ റേഡിയോ പ്രക്ഷേപണമാവുന്നത്. കേരളത്തിലെ എഫ്എംചാനലുകളിലും ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്ന കാര്യം പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്