രജനീകാന്ത് ചിത്രം മോഷ്ടിച്ചതെന്ന് പരാതി!

വ്യാഴം, 13 നവം‌ബര്‍ 2014 (15:45 IST)
രജനീകാന്ത് നായകനാകുന്ന പുതിയ സിനിമ 'ലിങ്കാ' മോഷ്ടിച്ചതെന്ന് പരാതി. രവി രത്നം എന്ന സംവിധാനസഹായിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രവി രത്നം നല്‍കിയ ഹര്‍ജി പരിഗണിച്ച് രജനികാന്തിനെതിരെ നോട്ടീസ് അയയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
 
കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ലിങ്കാ അതിന്‍റെ ചിത്രീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ നിര്‍മ്മാണം സാധ്യമാക്കിയ ജോണ്‍ പെന്നികിക്കിന്‍റെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരമാക്കിയിരിക്കുന്നത്.
 
എന്നാല്‍ തന്‍റെ 'മുല്ലൈവനം 999' എന്ന തിരക്കഥ മോഷ്ടിച്ചാണ് രജനിയും കൂട്ടരും ലിങ്കാ ഒരുക്കിയിരിക്കുന്നതെന്നാണ് രവി രത്നം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ താന്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും രവി രത്നം വ്യക്തമാക്കുന്നു.
 
രജനികാന്തിനെ കൂടാതെ സംവിധായകന്‍ കെ എസ് രവികുമാര്‍, നിര്‍മ്മാതാവ് 'റോക്ക്‍ലൈന്‍' വെങ്കിടേഷ് തുടങ്ങിയവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക