രജനീകാന്ത് അഭിനയരംഗത്ത് സജീവമാകുകയാണ്. ആദ്യചിത്രം ‘കൊച്ചടിയാന്‍’ ഉടന്‍ ചിത്രീകരണം ആരംഭിക്കും. മകള്‍ സൌന്ദര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍, പൃഥ്വിരാജ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രശസ്തതാരങ്ങള്‍ അണിനിരക്കും. അതിനിടെ ഒരു ഹിന്ദിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രജനീകാന്തും അമിതാഭ് ബച്ചനും മുഖ്യവേഷത്തില്‍ വരും. പുരി ജഗന്നാഥ് ആണ് സംവിധാനം.
അപ്പോള്‍ ചോദ്യം, സമീപഭാവിയില്‍ എപ്പോഴെങ്കിലും തമിഴകത്തെ ഇതിഹാസതാരങ്ങളുടെ ഒന്നിക്കല്‍ ഉണ്ടാകുമോ? രജനീകാന്തും കമലഹാസനും ഒന്നിക്കുമോ? ഒന്നിക്കുമെന്ന് കമലഹാസന്‍ തന്നെ വ്യക്തമാക്കുന്നു. അതും അധികം വൈകാതെ തന്നെ. തന്‍റെ ‘വിശ്വരൂപം’ എന്ന പ്രൊജക്ട് കഴിഞ്ഞാല്‍ രജനീകാന്തും ഒന്നിച്ചുള്ള സിനിമയുണ്ടാകും എന്നാണ് കമല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഏത് പ്രൊജക്ടിനെക്കുറിച്ചാണ് കമല്‍ പറയുന്നതെന്നറിയുമോ? കമലിന്‍റെ സ്വപ്നപദ്ധതിയായ ‘മരുതനായകം’ എന്ന വമ്പന്‍ സിനിമയെക്കുറിച്ച്. 150 കോടി മുതല്‍മുടക്ക് വരുന്ന ആ സിനിമയുടെ ജോലികള്‍ വീണ്ടും ആരംഭിക്കുകയാണ്. 1997ല്‍ കമല്‍ ഈ സിനിമ ലോഞ്ച് ചെയ്തെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം മുടങ്ങിപ്പോയിരുന്നു. ആ ചിത്രം വീണ്ടും ആരംഭിക്കാനാണ് കമലിന്‍റെ തീരുമാനം. തിരക്കഥയും സംവിധാനവും കമലഹാസന്‍ തന്നെ. നിര്‍മ്മാണം ഒരു ഹോളിവുഡ് കമ്പനി.
“രജനീകാന്തിന് ചേരുന്ന ഒരു കഥാപാത്രം ആ സിനിമയിലുണ്ട്. ഞങ്ങളുടെ കരിയറിന്‍റെ തുടക്കത്തില്‍ 10 സിനിമകളില്‍ ഞാനും രജനീകാന്തും ഒരുമിച്ച് അഭിനയിച്ചു. അടുത്തകാലത്തെങ്ങും അങ്ങനെയൊരു ഒന്നിക്കല്‍ സംഭവിച്ചില്ല. ഞങ്ങളെ ഒന്നിപ്പിക്കാന്‍ ഒരു പ്രൊജക്ടുമായി ആരും വന്നില്ല. ഇപ്പോള്‍ ഞാന്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്” - കമലഹാസന്‍ വ്യക്തമാക്കി.
തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലാണ് മരുതനായകം ചിത്രീകരിക്കുക. ടൈറ്റില്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കുന്നത്. കമല്‍ - രജനി സിനിമയായതുകൊണ്ട് 150 കോടി മുതല്‍മുടക്കിയാലും ദിവസങ്ങള്‍ക്കുള്ളില്‍ അത് തിരിച്ചുപിടിക്കുമെന്ന് ആര്‍ക്കാണ് സംശയം?. പ്രൊജക്ട് പ്രഖ്യാപിച്ചപ്പൊഴേ ഹിറ്റാകുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു മരുതനായകം.