അതേ, അത് സംഭവിക്കുകയാണ്. മറ്റൊരു ആറാം തമ്പുരാന്‍. അല്ലെങ്കില്‍ മറ്റൊരു നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. രണ്‍ജി പണിക്കരും രഞ്ജിത്തും ചേര്‍ന്ന് തിരക്കഥ രചിക്കുന്നു.
"തികച്ചും അപ്രതീക്ഷിതമായാണ് രണ്‍ജി പണിക്കരും രഞ്ജിത്തും കൂടെ എന്നെ വിളിക്കുന്നത്. ഇങ്ങനെയിരുന്നാല്‍ മതിയോ, നമുക്കൊന്നിറങ്ങണ്ടേ എന്നായിരുന്നു ചോദ്യം. രണ്ടുപെരും കൂടി ത്രസിപ്പിക്കുന്ന ഒരു കഥയുമായാണ് എന്നെ വിളിച്ചത്. എന്‍റെ നായക സങ്കല്‍പ്പത്തില്‍ പെട്ട രണ്ട് നായകന്‍മാരുണ്ട് കഥയില്‍. കഥ കേട്ടപ്പോല്‍ തന്നെ ഞാന്‍ ആവേശഭരിതനായി. അപ്പോഴേക്കും ആന്‍റണി പെരുമ്പാവൂര്‍ എത്തി. ലാലിനെ വിളിച്ചപ്പോള്‍ എപ്പോള്‍ ഇറങ്ങിയെന്ന് ചോദിച്ചാല്‍ മതിയെന്നായി" - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു. അങ്ങനെ ആ പ്രൊജക്ട് സംഭവിക്കുകയാണ്.
ഈ കഥയില്‍ രണ്ട് നായകന്‍മാരുണ്ട്. ഒരു നായകന്‍ മോഹന്‍ലാല്‍ ആണെങ്കില്‍ അടുത്ത നായകനായി മമ്മൂട്ടി എത്തുമോ?
"മമ്മൂട്ടി കൂടി വന്നാല്‍ ഗംഭീരമാകുമെന്ന് രണ്‍ജിയും രഞ്ജിത്തും പറഞ്ഞു. ആന്‍റണി പെരുമ്പാവൂരിനും സമ്മതം. മമ്മൂട്ടിയുടെ ഡേറ്റിനുവേണ്ടി കാത്തിരിക്കുകയാണ്" - ഷാജി കൈലാസ് വ്യക്തമാക്കുന്നു.