മോഹന്‍ലാലും ഇളയദളപതിയും ഒന്നിക്കുന്നു - ‘ജില്ല’ !

Webdunia
വ്യാഴം, 10 ജനുവരി 2013 (17:04 IST)
PRO
ഇളയദളപതി വിജയ് - യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ എന്നിവരുടെ സംഗമത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആഘോഷിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ക്യാമ്പ് തയ്യാറായിരുന്നില്ല. എന്തായാലും ഇക്കാര്യത്തേക്കുറിച്ച് ഒരു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരിക്കുന്നു. സംഗതി സത്യമാണ്, മോഹന്‍ലാലും വിജയും ഒരു സിനിമയ്ക്കായി ഒത്തുചേരുകയാണ്.

സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരി നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലും വിജയും നായകന്‍‌മാരാകുന്നത്. ‘ജില്ല’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ നേശനാണ്.

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. തുപ്പാക്കിക്ക് ശേഷം കാജല്‍ വീണ്ടും വിജയുടെ നായികയാകുകയാണ് ജില്ലയിലൂടെ.

മോഹന്‍ലാലിനെയും വിജയെയും ഒന്നിപ്പിക്കാനായി ഏറെക്കാലമായി ആര്‍ ബി ചൌധരി ശ്രമിച്ചുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ തിരക്കുകള്‍ കാരണം പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു.

ഏപ്രില്‍ - മേയ് മാസങ്ങളില്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വാല്‍ക്കഷണം: മോഹന്‍ലാലിന്‍റെ മെഗാഹിറ്റ് ചിത്രമായ ‘കീര്‍ത്തിചക്ര’ നിര്‍മ്മിച്ചത് ആര്‍ ബി ചൌധരിയായിരുന്നു. ആ സിനിമ രണ്ടുഭാഷകളില്‍ നിര്‍മ്മിച്ച ചിത്രമാണ്. ‘ജില്ല’ മലയാളത്തിലും തമിഴിലും എടുക്കാനാണ് ചൌധരിയുടെ തീരുമാനം.