മോഹന്‍ലാലിന്‍റെ 1971നെ വീഴ്ത്തി ഗ്രേറ്റ്ഫാദര്‍ മുന്നേറ്റം, ബോക്സോഫീസ് കിംഗ് മമ്മൂട്ടി തന്നെ!

തിങ്കള്‍, 10 ഏപ്രില്‍ 2017 (13:35 IST)
മമ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ബോക്സോഫീസ് പടയോട്ടം തുടരുന്നു. പുതിയ വമ്പന്‍ റിലീസുകളൊന്നും ചിത്രത്തിന്‍റെ ഗംഭീര കളക്ഷനെ ബാധിച്ചിട്ടില്ല. മോഹന്‍ലാലിന്‍റെ 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, ദിലീപിന്‍റെ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളെയാണ് ഗ്രേറ്റ്ഫാദര്‍ ബഹുദൂരം പിന്നിലാക്കി കുതിപ്പ് തുടരുന്നത്.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ദി ഗ്രേറ്റ്ഫാദര്‍ മൂന്നാം വാരമായപ്പോള്‍ കുടുംബപ്രേക്ഷകരുടെ തിരക്ക് വര്‍ദ്ധിച്ചത് അണിയറപ്രവര്‍ത്തകരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. മറ്റ് വമ്പന്‍ റിലീസുകള്‍ക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയാതിരുന്നതും മമ്മൂട്ടിച്ചിത്രത്തിന് ഗുണമായി.
 
ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിയുന്ന കാഴ്ചയാണ് കാണുന്നത്. ഗ്രേറ്റ്ഫാദറിന്‍റെ ആദ്യദിന കളക്ഷന്‍ 4.32 കോടിയോളം രൂപയായിരുന്നു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.
 
എന്നാല്‍ മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സ് ആദ്യ ദിനത്തില്‍ നേടിയ കളക്ഷന്‍ 2.80 കോടി രൂപ മാത്രമാണ്. ഇത് മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.
 
വരും ദിവസങ്ങളില്‍ 1971ന്‍റെ കളക്ഷനില്‍ വര്‍ദ്ധനവുണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാലോകം. അതോടൊപ്പം, ഗ്രേറ്റ്ഫാദറിന്‍റെ 50 കോടിയിലേക്കുള്ള പ്രയാണം ആഘോഷമാക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

വെബ്ദുനിയ വായിക്കുക