മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യുന്നില്ലെങ്കില്‍ ഒരു സിനിമയും ഇറങ്ങില്ല!

Webdunia
തിങ്കള്‍, 28 ഏപ്രില്‍ 2014 (15:16 IST)
മോഹന്‍ലാലിന്‍റെ ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഒരു സിനിമയും റിലീസ് ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ ഫെഫ്ക. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ വിലക്കുഭീഷണിക്കുമുന്നില്‍ മുട്ടുമടക്കേണ്ടെന്നും മിസ്റ്റര്‍ ഫ്രോഡ് മേയ് എട്ടിനകം പ്രദര്‍ശനത്തിനെത്തിച്ചില്ലെങ്കില്‍ മറ്റൊരു സിനിമയും റിലീസ് ചെയ്യില്ലെന്നുമുള്ള കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ തിങ്കളാഴ്ച ചേര്‍ന്ന ഫെഫ്ക യോഗത്തില്‍ ധാരണയായി.
 
സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ അദ്ദേഹത്തിന്‍റെ ‘മിസ്റ്റര്‍ ഫ്രോഡ്’ കേരളത്തിലെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ അഹങ്കാരിയാണെന്നും വിലക്ക് ഉണ്ണികൃഷ്ണനാണെന്നും സിനിമയ്ക്കല്ലെന്നും ബഷീര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഫെഫ്ക സമരവുമായി മുന്നോട്ടുപോയാല്‍ പിന്തുണയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
 
ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍റെ മോഹന്‍ലാല്‍ ചിത്രമായ 'മിസ്റ്റര്‍ ഫ്രോഡ്' പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 
 
എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് തടസപ്പെടുത്താന്‍ ബി ഉണ്ണികൃഷ്ണന്‍ ശ്രമിച്ചു എന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയ്ക്കല്ല, ബി ഉണ്ണികൃഷ്ണനെയാണ് വിലക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.