മാറിനില്‍ക്കുന്നു മറ്റുചിത്രങ്ങള്‍, വഴിയൊരുക്കുന്നു ഗ്രേറ്റ്ഫാദറിന്; ഒരു ഇതിഹാസപ്രയാണം!

വെള്ളി, 21 ഏപ്രില്‍ 2017 (18:46 IST)
ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം‌പിടിക്കാന്‍ കെല്‍പ്പുള്ള വിജയം നേടിക്കൊടുത്തത് പ്രേക്ഷകരാണ്. അവര്‍ ഈ സിനിമയെ വല്ലാതെയങ്ങ് സ്നേഹിച്ചുപോയത് അത് കൈകാര്യം ചെയ്ത വിഷയത്തിന്‍റെ സത്യസന്ധതകൊണ്ടാണ്. രാജ്യവും ഭരണകൂടവും പൊലീസുമെല്ലാം നിസഹായതയോടെ നിന്നുപോയ ചില സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു ഗ്രേറ്റ്ഫാദര്‍.
 
മമ്മൂട്ടി എന്ന മഹാനടന്‍റെ അഭിനയവൈഭവം പ്രകടിപ്പിക്കാന്‍ അവസരം കിട്ടിയ അപൂര്‍വം സിനിമകളില്‍ ഒന്ന്. മമ്മൂട്ടി എന്ന താരചക്രവര്‍ത്തിയുടെ വിശ്വരൂപം സാധ്യമാക്കാന്‍ അവസരം കിട്ടിയ സിനിമകളില്‍ ഒന്ന്. ഗ്രേറ്റ്ഫാദര്‍ 50 കോടി കളക്ഷന്‍ നേടി മുന്നോട്ടുകുതിക്കുമ്പോള്‍ ഒപ്പം റിലീസായ ചിത്രങ്ങള്‍ക്കും പിന്നാലെ വന്നവയ്ക്കും ഒരല്‍പ്പം ബഹുമാനമുണ്ടെന്ന് തോന്നുന്നു.
 
ഗ്രേറ്റ്ഫാദറിന്‍റെ പടയോട്ടം കണ്ട് മാറിനില്‍ക്കുകയും വഴിയൊരുക്കുകയും ചെയ്യുകയാണ് മലയാളത്തിലെ മറ്റ് സിനിമകള്‍. ഇത് ഇതിഹാസവിജയം തന്നെ. മമ്മൂട്ടിയുടേത് മാത്രമല്ല. ആറുകോടിയില്‍ ഇതുവരെ അറുപതുകോടിയുടെ ജാലവിദ്യകാട്ടിയ ഹനീഫ് അദേനിയെന്ന സംവിധായകന്‍റെ കൂടി വിജയം.
 
ദി ഗ്രേറ്റ്ഫാദര്‍ കളിക്കുന്ന തിയേറ്ററുകള്‍ ഇപ്പോഴും ജനത്തിരക്ക് കാരണം അധിക ഷോകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് മലയാളസിനിമയുടെ വിജയം കൂടിയാകുന്നു. അന്തസുള്ള ഒരു കഥയ്ക്ക് കൈയടി നല്‍കിയ പ്രേക്ഷകരുടെ വിജയം കൂടിയാകുന്നു.

വെബ്ദുനിയ വായിക്കുക