മഹാനടന്‍ മമ്മൂട്ടിയുടെ ജന്‍മദിനം മലയാള സിനിമയുടെ തന്നെ ആഘോഷമാണ്. സംവിധായകന്‍ അനൂപ് കണ്ണന്‍ പറയുന്നത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. ജവാന്‍ ഓഫ് വെള്ളിമല എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്ത അനൂപ് കണ്ണന്‍, ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെട്ട അനുഭവമാണ് എഴുതുന്നത്. അത് ‘പട്ടാളം’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു.
സ്ഥലം " പട്ടാളം " എന്ന ചിത്രത്തിന്‍റെ പ്രീ വര്‍ക്കുകള്‍ നടക്കുന്ന കൊച്ചി ഹൈവേ ഗാര്‍ഡന്‍ ഹോട്ടെലിലെ റൂം നമ്പര്‍ നൂറ്റിപത്ത്. മുറിയില്‍ ലാല്‍ജോസ് സര്‍ , ക്യാമറമാന്‍ S.കുമാര്‍ സര്‍ മറ്റുള്ളവര്‍. അസി .ഡയറക്ടര്‍ ആയ ഞാനും ഒരു കോണില്‍ .
എനിക്ക്, ഈ സിനിമ തീരുമാനിക്കപെട്ട സമയം മുതലുള്ള പേടിയാണ് ,
ദേ അവതരിക്കുവാന്‍ പോകുന്നു , അപ്രതീക്ഷിതമായി !!
എന്നോടെന്തെങ്കിലും ചോദിച്ചാലോ ?
ചങ്കിടിക്കാന്‍ തുടങ്ങി ... ഇറങ്ങി ഓടണോ ..?? അപ്പോഴേക്കും ഡോര്‍ ബെല്‍.
അനൂപേ, തുറക്ക്.. ലാല്‍ സര്‍ പറഞ്ഞു.
വിറയ്ക്കുന്ന കൈകളോടെ ഞാന്‍ തുറന്നു. ഡേവിഡോഫിന്‍റെ മണമുള്ള ഒരു കൊടുങ്കാറ്റ് എന്നെ കടന്ന് അകത്തേക്ക് പോയി..
റൂമില്‍ ചിരിയും സംസാരവും ഉയര്‍ന്നു. ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടങ്ങളിലൂടെ ഞാന്‍ അന്ന് ആദ്യമായി കണ്‍നിറയെ കണ്ടു മമ്മുട്ടി എന്ന വിസ്മയത്തെ !!
ദിവസങ്ങള്‍ക്കകം പട്ടാളത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരഭിച്ചു. ഡ്രസ്സ് കണ്ടിന്യൂറ്റി നോക്കുക ആണ് എന്‍റെ ചുമതല. ആദ്യ ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ടിനായി മമ്മുക്ക എത്തി, ഷര്‍ട്ടിന്‍റെ ബട്ടണ്‍സ് രണ്ടെണ്ണം കൂടുതലായി തുറന്നിട്ടിരിക്കുന്നു. ഷോട്ട് എടുക്കുന്നതിനു മുന്‍പ് അത്ശരിയാക്കണം. ക്ലോസപ്പ് ഷോട്ട് ആണ്, കണ്ടിന്യൂറ്റി തെറ്റിയാല്‍ പെട്ടെന്ന് അറിയാന്‍ പറ്റും. ഞാന്‍ മമ്മുക്കയുടെ ജോര്‍ജ്ജ് ചേട്ടനോട് വിവരം പറഞ്ഞു, അത് മമ്മുക്ക ടേക്കിന് മുന്‍പ് ഇട്ടോളും. ജോര്‍ജ്ജ് ചേട്ടന്‍ നിസ്സാരമായി പറഞ്ഞു.
ഒരു പുതുമുഖ അസി. ഡയറക്ടര്‍ക്ക് മനസമധനമില്ലല്ലോ.
ലൈറ്റ് അപ്പ് റെഡി...
മമ്മുക്ക റിഹേഴ്സല്‍, ലാല്‍ജോസ് സര്‍ പറഞ്ഞു.
വേണ്ട ലാലു നമുക്ക് ടേക്ക് പോകാം.
ദൈവമേ മമ്മുക്കയുടെ ഷര്‍ട്ടിന്റെ ബട്ടണ്‍സ് തുറന്നു തന്നെ കിടക്കുന്നു ! കണ്ടിന്യൂറ്റി തെറ്റും, ലാല്‍ സാറിന്‍റെ ചീത്ത കേള്‍ക്കും, എന്‍റെ അവസരം പോകും, എന്‍റെ കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങി..
എല്ലാവരും എന്നെ നോക്കി , ഞാന്‍ വിറച്ചുകൊണ്ട് മമ്മുക്കയുടെ അടുതെത്തി കാര്യം പറഞ്ഞു . അവസാനത്തെ നിമഷം പറഞ്ഞു മൂഡ് കളഞ്ഞ ദേഷ്യത്തോടെ എന്നെ നോക്കി അദ്ദേഹം ചോദിച്ചു , ഏതാടോ ഇവന്‍ ??
ലാല്‍ സര്‍ പറഞ്ഞു . അനൂപ് , മീശമാധവന്‍ മുതല്‍ എന്‍റെ അസിസ്റ്റന്റ്.
ഉഉമം..ഒരു സൂപ്പര്‍ ഹിറ്റ് പടത്തില്‍ വര്‍ക്ക്‌ചെയ്തതിന്റെ അഹങ്കാരം ആണ് ഇവന് . എല്ലാവരും ചിരിച്ചു .
ഞാന്‍ പിന്‍വലിയുമ്പോള്‍ യുണിറ്റിലുള്ള ആരോ പിറുപിറുക്കുന്നത് കേട്ടു. മമ്മുക്ക നോട്ടു ചെയ്തു, ഇനി അവന്റെ കാര്യം .....
എന്‍റെ കിളിപോയി .
ഞാന്‍ വീട്ടില്‍ വിളിച്ച് അമ്മയോട് നേര്‍ച്ചകള്‍ നേരാന്‍ പറഞ്ഞു .
വൈകുന്നേരം ആയപ്പോള്‍ അപ്രതീക്ഷിതമായ ഒരു മഴ. റോഡിലായിരുന്നു ഷൂട്ടിംഗ് , ഓരോരുത്തരും പല സ്ഥലങ്ങളിക്ക് ഓടി കയറി . കാലിയായി കിടന്ന ഒരു ജീപ്പില്‍ ഞാനും . അതാ ഒരാളും കൂടി ഓടി വരുന്നു ജീപ്പിനു നേരെ, മഴയ്ക്ക് പിന്നാലെ ഇടിമിന്നലും,
അത് മമ്മുക്ക ആയിരുന്നു !!!
എന്‍റെ ജീവിതത്തിലെ ശ്വാസം നിലപ്പിച്ച മഴ.
ജീപ്പിനകത്തു ഞാനും മമ്മുക്കയും മാത്രം . മഴയിലും ഞാന്‍ വിയര്‍ത്തു. അദ്ദേഹം ഫോണില്‍ എന്തോ തിരയാന്‍ തുടങ്ങി .
മഴ കനത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കട്ടന്‍ ചായയുമായി സഹായി എത്തി . വെള്ളികളറില്‍ പൊതിഞ്ഞു കൗതുകം തോന്നിപ്പിക്കുന്ന കപ്പില്‍ ആവി പറക്കുന്ന ചായ. കൂടെ പരിപ്പുവടയും .
ഞാന്‍ ഒന്ന് ഒളി കണ്ണിട്ടു ആളെ നോക്കി , അദ്ദേഹം എന്നെ നോക്കുന്നു , മുഖത്ത് ദേഷ്യം ഇല്ല .... അപ്പോള്‍ ആണ് മഴയുടെ തണുപ്പ് ഞാന്‍ അറിഞ്ഞത്.
പരിപ്പുവടയുടെ ഒരു കഷണം അടര്‍ത്തി അദ്ദേഹം എനിക്ക് തന്നു . എന്‍റെ നെഞ്ചിടുപ്പ് സാധാരണ നിലയില്‍ ആയി , ഞാന്‍ ഒന്ന് ചിരിച്ചു !
എന്താടോ ചിരിക്കണേ.. ?? മമ്മുക്ക ചോദിച്ചു .
മമ്മുട്ടി കഴിക്കുന്ന പരിപ്പുവടയുടെ ഒരു കഷണം കഴിക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ ..