മമ്മൂട്ടി പ്രണയിക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമല്ലേ? എന്താവും ആ സിനിമ വരാത്തതിന് കാരണം?

Webdunia
ചൊവ്വ, 10 മെയ് 2016 (19:05 IST)
മമ്മൂട്ടിയുടെ പുതിയ സിനിമ ‘വൈറ്റ്’ അനിശ്ചിതമായി നീളുകയാണ്. സിനിമയുടെ റിലീസ് എന്നുണ്ടാകും എന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയില്ല. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത ഈ പ്രണയചിത്രം വിഷുവിന് റിലീസ് ചെയ്യേണ്ടിയിരുന്നതാണ്.
 
എന്നാല്‍ പിന്നീട് ഏപ്രില്‍ 29, മേയ് ആറ്‌, മേയ് 20 എന്നിങ്ങനെ പല ഡേറ്റുകള്‍ പ്രഖ്യാപിച്ചു. മേയ് 20 എന്ന റിലീസ് ഡേറ്റും ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. ‘വൈറ്റ്’ ഇനി എന്ന് റിലീസ് ചെയ്യുമെന്ന് ആരും വ്യക്തമാക്കുന്നില്ല.
 
ഹ്യുമ ഖുറേഷി നാ‍യികയാകുന്ന ചിത്രത്തില്‍ പ്രകാശ് റോയ് എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ഒരു പ്രണയചിത്രം എന്നതാണ് വൈറ്റിനെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മമ്മൂട്ടി പ്രണയിക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാകുമോ എന്ന ഭയമാണോ ഈ ചിത്രം നീട്ടിവയ്ക്കുന്നതിന് പിന്നിലെ ചേതോവികാരം എന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
 
ഇനി വൈറ്റ് ഈദിനോ ഓണത്തിനോ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ കസബ, തോപ്പില്‍ ജോപ്പന്‍ തുടങ്ങിയ മാസ് പടങ്ങള്‍ ആ സമയങ്ങളില്‍ മമ്മൂട്ടിക്കുണ്ട് എന്നത് വൈറ്റിന്‍റെ ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
Next Article