മമ്മൂട്ടിയുടെ ‘മല്ലനും മാതേവനും’ ഇനി ഉണ്ടാകില്ല!

Webdunia
ശനി, 29 ജനുവരി 2011 (18:01 IST)
PRO
‘ലോലിപോപ്പ്’ എന്ന സിനിമയുടെ പരാജയത്തിനുശേഷം സംവിധായകന്‍ ഷാഫിയും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും നല്ലൊരു കഥയ്ക്കുവേണ്ടി കുറേ നാള്‍ കാത്തിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം അവര്‍ ഒരു കഥയില്‍ ലാന്‍ഡ് ചെയ്തു. ‘മല്ലനും മാതേവനും’ എന്നായിരുന്നു സിനിമയുടെ പേര്. മമ്മൂട്ടിയെ നായകനായി നിശ്ചയിച്ചു.

കഥ കേട്ട മമ്മൂട്ടി ആവേശത്തിലായി. മല്ലനായും മാതേവനായും ഇരട്ട വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കട്ടെ എന്നാണ് ഷാഫി തീരുമാനിച്ചത്. പ്രൊജക്ടിന്‍റെ ജോലികള്‍ തകൃതിയായി മുന്നോട്ടുപോകവേ അവിചാരിതമായി ചില തടസങ്ങളുണ്ടായി. താല്‍ക്കാലികമായി ആ സിനിമയുടെ ജോലികള്‍ നിര്‍ത്തിവച്ചു.

പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഷാഫി ചട്ടമ്പിനാട് സംവിധാനം ചെയ്തു. ആ സിനിമ സൂപ്പര്‍ഹിറ്റായി. ജയറാമിനെ നായകനാക്കിയെടുത്ത മേക്കപ്‌മാന്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോള്‍ ദിലീപിനെ നായകനാക്കി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്തു. അത് വമ്പന്‍ വിജയമായി.

മമ്മൂട്ടി ആരാധകര്‍ക്ക് വിഷമമുണ്ടാക്കുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ഷാഫി തന്നെ അറിയിക്കുന്നു. ‘മല്ലനും മാതേവനും’ എന്ന സിനിമ ഇനി ഒരിക്കലും ഉണ്ടാകില്ല. എന്താണ് കാരണം എന്നല്ലേ?

ആ കാരണം അടുത്ത പേജില്‍

PRO
കരുത്തനും ചട്ടമ്പിയുമായ ഒരാളും ഒരു പേടിത്തൊണ്ടനും തമ്മിലുള്ള രസകരമായ ബന്ധത്തിന്‍റെ കഥയായിരുന്നു മല്ലനും മാതേവനും എന്ന സിനിമയ്ക്കായി ഷാഫിയും ബെന്നി പി നായരമ്പലവും ആലോചിച്ചത്.

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയായി രൂപാന്തരപ്പെട്ടതും ആ കഥയാണ്.

മമ്മൂട്ടി അവതരിപ്പിക്കാനിരുന്ന ഇരട്ടവേഷങ്ങള്‍ ദിലീപും ബിജു മേനോനും പങ്കുവയ്ക്കുകയായിരുന്നു. പേടിത്തൊണ്ടനെ ദിലീപും ആനയുടെ കരുത്തുള്ള ക്രിമിനലായി ബിജു മേനോനും തകര്‍ത്തഭിനയിച്ചു.

കുഞ്ഞാട് മെഗാഹിറ്റായി മാറി. ഇനി മല്ലനും മാതേവനും എന്ന കഥ വീണ്ടും ആലോചിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. അങ്ങനെ ദിലീപിന്‍റെയും ബിജുമേനോന്‍റെയും നേട്ടം മമ്മൂട്ടിയുടെ നഷ്ടമായി.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്