പൃഥ്വിരാജിനെ നായകനാക്കി ആര് എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘കര്ണന്’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി മുന്നേറുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലൊക്കേഷനുകളും നിശ്ചയിച്ചു. ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റുകള്‍ ഉറപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ വിമല്‍.
എന്നാല്‍ ഈ പ്രൊജക്ടിനൊപ്പം തന്നെ മമ്മൂട്ടിയുടെ ‘കര്ണന്’ പ്രൊജക്ടും ആരംഭിക്കുമെന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന വാര്‍ത്തകള്‍. പി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാലായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്ര ശുഭകരമായ വാര്‍ത്തകളല്ല ആ പ്രൊജക്ടിനെപ്പറ്റി പുറത്തുവരുന്നത്.
മമ്മൂട്ടിയുടെ കര്ണന് ഉടനെങ്ങും ആരംഭിക്കില്ല. നൂറിലധികം ദിവസങ്ങള്‍ ചിത്രീകരണത്തിന് തന്നെ ആവശ്യമുണ്ട്. മമ്മൂട്ടിക്ക് ഇപ്പോള്‍ അത്രയധികം ഡേറ്റുകള്‍ നല്‍കാനാവില്ല. മാത്രമല്ല, ഉടനെങ്ങും മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനായി മാറ്റിവയ്ക്കാന്‍ ഡേറ്റില്ല. അതുകൊണ്ടുതന്നെ ചിത്രം അനിശ്ചിതമായി നീളുകയാണ്.
അതേസമയം, കര്‍ണനില്‍ നിന്ന് മാറി മധുപാലും പുതിയ പ്രൊജക്ടിലേക്ക് കടക്കുകയാണ്. ബിജുമേനോനെയും ജയസൂര്യയെയും നായകന്മാരാക്കി ‘സുന്ദരിയമ്മ കൊലക്കേസ്’ എന്ന ചിത്രത്തിന്റെ ജോലികള്‍ മധുപാല്‍ ആരംഭിച്ചുകഴിഞ്ഞു.
അതിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു കോമഡിച്ചിത്രവും മധുപാലിന്റെ മനസിലുണ്ട്.