ഈ വിഷുക്കാലത്ത് മലയാളികള്‍ ആകെ കണ്ഫ്യൂഷനിലാകുമെന്ന് തീര്‍ച്ച. അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകളെല്ലാം തിയേറ്ററുകളിലെത്തുന്നുണ്ട്. അതില്‍ ഏറ്റവും കൌതുകകരമായ കാര്യം, ദിലീപും മഞ്ജു വാര്യരും വിഷുക്കാലത്ത് നേര്‍ക്കുനേര്‍ എത്തുന്നു എന്നാണ്. ദിലീപിന്റെ ‘ഇവന് മര്യാദരാമന്’, മഞ്ജു വാര്യരുടെ ‘എന്നും എപ്പോഴും’ എന്നീ സിനിമകള്‍ വിഷുക്കാലത്ത് ഏറ്റുമുട്ടും.
ഏപ്രില്‍ നാലിനാണ് ദിലീപിന്റെ കോമഡി ത്രില്ലറായ ഇവന് മര്യാദരാമന് പ്രദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ അതിനും ഒരാഴ്ച മുമ്പേ, മാര്‍ച്ച് 26ന് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും റിലീസാകും. മഞ്ജുവിന്റെ നായകന് മോഹന്‍ലാലാണ്.
സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന് മര്യാദരാമനില്‍ നിക്കി ഗല്‍റാണിയാണ് നായിക. മര്യാദരാമണ്ണ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണിത്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ.
രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന എന്നും എപ്പോഴും പൂര്‍ണമായും ഒരു കുടുംബചിത്രമാണ്. അഡ്വ.ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.