ഭാര്യമാര്‍ ഭാഗ്യമാകുമ്പോള്‍

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2009 (10:44 IST)
PROPRO
ഭാര്യ എന്ന സിനിമ ഓര്‍ക്കുന്നില്ലേ? 1962ല്‍ കുഞ്ചാക്കോയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ആ സിനിമ നേടിയ ചരിത്ര വിജയത്തോടെ ‘ഭാര്യ’ എന്ന വാക്ക് ടൈറ്റിലില്‍ ഉപയോഗിക്കുന്നത് ഒരു ഭാഗ്യമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കരുതിയിരുന്നു. അതിനുശേഷം, ‘ഭാര്യ’ ചേര്‍ത്തുള്ള സിനിമാ പേരുകളുടെ ഒരു ഒഴുക്കായിരുന്നു. ഭാര്യമാര്‍ സൂക്ഷിക്കുക, ഭാര്യ ഇല്ലാത്ത രാത്രി തുടങ്ങി ‘വെറുതെ ഒരു ഭാര്യ’ വരെ. ഇതിനിടെ ജഗദീഷിനെ നായകനാക്കി ‘ഭാര്യ’ എന്ന പേരില്‍ തന്നെ മറ്റൊരു ചിത്രവുമിറങ്ങി.

വെറുതെ ഒരു ഭാര്യ വമ്പന്‍ ഹിറ്റായതോടെ മലയാളത്തിലെ സം‌വിധായകര്‍ക്കൊക്കെ ‘ഭാര്യ’ എന്ന വാക്ക് തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ പേരിന്‍റെ കൂടെ ‘ഭാര്യ’ എന്നുണ്ടെങ്കില്‍ പടം ഹിറ്റാകും എന്നാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന വിശ്വാസം. ഭാര്യ എന്ന പദത്തിലൂടെ കുടുംബങ്ങളെ ആകര്‍ഷിക്കാം എന്ന പുതിയ ചിന്ത.

കുടുംബചിത്രങ്ങളുടെ സംവിധായകന്‍ എന്ന് പേരെടുത്ത രാജസേനനാണ് ഈ രീതിയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്ന ഒരു സംവിധായകന്‍. തന്‍റെ പുതിയ ചിത്രത്തിന് ‘ഭാര്യ ഒന്ന്, മക്കള്‍ മൂന്ന്’ എന്നാണ് രാജസേനന്‍ പേരിട്ടിരിക്കുന്നത്. ഇടക്കാലത്തുണ്ടായ പരാജയങ്ങള്‍ ഈ ‘ഭാര്യച്ചിത്ര’ത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. മാത്രമല്ല, ചിത്രത്തിലെ നായകനും രാജസേനന്‍ തന്നെ.

സുഖമോ ദേവി, ലാല്‍‌സലാം, കളിപ്പാട്ടം തുടങ്ങിയ സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വേണു നാഗവള്ളിയാണ് മറ്റൊരു ‘ഭാര്യ’യെ അവതരിപ്പിക്കുന്നത്. അദ്ദേഹം ഏറെനാള്‍ മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ‘സുഹൃത്ത്’. പടം പെട്ടിയിലായി റിലീസും കാത്ത് കിടക്കുകയായിരുന്നു. ചിത്രം എന്ന് പുറത്തിറങ്ങും എന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു ഉറപ്പുമില്ലാതെ തുടരുന്ന സമയത്ത് ഇതാ ചിത്രത്തെക്കുറിച്ച് പുതിയ വാര്‍ത്തകള്‍. ‘സുഹൃത്ത്’ പേരു മാറ്റി ‘ഭാര്യ ഒരു സുഹൃത്ത്’ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഉര്‍വശിയും മുകേഷുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഈ ‘ഭാര്യ’ മാനിയ മറ്റു പല സംവിധായകരെയും പിടികൂടിയിട്ടുണ്ടെന്നാണ് കാണിക്ക് അറിയാന്‍ കഴിയുന്നത്. ‘സ്ത്രീ’ എന്ന വാക്ക് കണ്ണീര്‍ സീരിയലുകാര്‍ക്ക് പ്രിയങ്കരമായതു പോലെ ‘ഭാര്യ’ തരംഗം ഇനി കുറേക്കാലം മലയാള സിനിമ ഭരിച്ചേക്കും എന്ന് തന്നെ ഉറപ്പിക്കാം.