ബാഹുബലിയുടെ പടയോട്ടത്തിൽ അന്തംവിട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമാലോകം. ഇന്ത്യൻ ബോക്സ് ഓഫീസിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് ബാഹുബലി 2 തന്റെ ജൈത്രയാത്ര തുടരുന്നത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത് 625 കോടിയാണ്.
ബാഹുബലി ആദ്യഭാഗത്തിന്റെ ആഗോള ബോക്സ്ഓഫീസ് കലക്ഷൻ 650 കോടിയായിരുന്നു. എന്നാൽ അഞ്ചു ദിവസത്തെ കളക്ഷൻ പുറത്തുവരുമ്പോൾ അഞ്ചു ദിവസം കൊണ്ട് സിനിമ നേടിയത് 625 കോടിയാണ്. ബാഹുബലിയുടെ ആദ്യഭാഗത്തേക്കാൾ ഒരുപടി മുന്നിലാണ് രണ്ടാംഭാഗമെന്നതിന്റെ തെളിവാണിത്.
സിനിമയുടെ ഹിന്ദി വിതരണക്കാരനായ കരൺ ജോഹറിന്റെ കണക്കുകൾ പ്രകാരം ആദ്യ മൂന്നുദിനം കൊണ്ട് ഇന്ത്യയിൽ നിന്നുമാത്രം ചിത്രം വാരിയത് 303 കോടിയാണ്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകളിൽ നിന്നുമാണിത്. അഞ്ചുദിവസം പിന്നിടുമ്പോൾ 490 കോടി ഇന്ത്യയിൽ നിന്നും മറ്റുരാജ്യങ്ങളിൽ നിന്ന് 135 കോടിയും ചിത്രം വാരിക്കൂട്ടി കഴിഞ്ഞു.
നിലവിൽ ഏറ്റവും വലിയ പണംവാരിപ്പടം ആമിർ ഖാന്റെ പികെയാണ്. 792 കോടിയാണ് ചിത്രത്തിന്റെ ആഗോളബോക്സ്ഓഫീസ് കലക്ഷന്‍. ഇതേ പടയോട്ടം തന്നെയാണ് ബാഹുബലി ഇനിയും കാഴ്ച വെക്കുന്നതെങ്കിൽ പികെയുടെ കളക്ഷനും ബാഹുബലി പുഷ്പം പോലെ മറികടക്കും.
കേരളത്തിൽ ആദ്യദിനം ചിത്രം വാരിയത് 5.45 കോടിയായിരുന്നു. ആദ്യ മൂന്നു ദിവസം കൊണ്ട് 15.80 കോടി കേരളത്തിൽ നിന്നു മാത്രമായി ചിത്രം നേടി. ഈ നിലയിൽ തന്നെ രണ്ട് ദിവസവും പ്രതികരണം നേടാൻ കഴിഞ്ഞുവെന്നാണ് വിവരം. അഞ്ചുദിവസം കൊണ്ട് ചിത്രം ഇരുപത് കോടി പിന്നിടുമെന്നാണ് ട്രേഡ് അനലിസ്റ്റുകാർ വിലയിരുത്തുന്നത്.