ബച്ചനും പറഞ്ഞു - മമ്മൂട്ടിയുടെ മകന്‍ അടിപൊളി!

Webdunia
ശനി, 25 ഏപ്രില്‍ 2015 (13:49 IST)
രാം ഗോപാല്‍ വര്‍മ ‘ഓ കാതല്‍ കണ്‍‌മണി’ കണ്ടകാര്യം ഇനി അറിയാനാരുമില്ല. അത്രയ്ക്ക് പബ്ലിസിറ്റിയാണ് രാമു ആ സിനിമയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. ദുല്‍ക്കറിനുമുന്നില്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നൊക്കെ രാമു ട്വിറ്ററില്‍ കൂടി വച്ചലക്കിയതും പിന്നീടുണ്ടായ കോലാഹലവുമൊന്നും ആരും മറക്കാനിടയില്ല.
 
ദുല്‍ക്കറിന്‍റെ അഭിനയം ഗംഭീരം തന്നെ. അതിനുപക്ഷേ മമ്മൂട്ടിയെ ഇങ്ങനെയൊക്കെ അധിക്ഷേപിക്കേണ്ടതുണ്ടോ? അതായിരുന്നു മലയാള സിനിമാ ആസ്വാദകരുടെ ചോദ്യം. എന്തായാലും മമ്മൂട്ടി ഇതിനൊന്നും പ്രതികരിച്ചുകണ്ടില്ല. ‘മമ്മൂട്ടി പ്രതികരിച്ചാല്‍ അത് രാമു താങ്ങില്ല’ എന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചതും കണ്ടു.
 
രാമു ഒക്കെ അവിടെ നില്‍ക്കട്ടെ. ഇനി സാക്ഷാല്‍ അമിതാഭ് ബച്ചനെക്കുറിച്ചുപറയാം. കക്ഷിയും ‘ഒ കെ കണ്‍‌മണി’ കണ്ടു. ദുല്‍ക്കറിനെക്കുറിച്ച് എന്താണ് ബിഗ്ബിയുടെ അഭിപ്രായം എന്നറിയേണ്ടേ? ‘പയ്യന്‍ അടിപൊളി’ എന്നാണ് ബച്ചന്‍ ബ്ലോഗില്‍ വച്ചുകാച്ചിയിരിക്കുന്നത്.
 
“ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവ അഭിനേതാക്കള്‍ എന്നെ വളരെ ആകര്‍ഷിച്ചു. ഒന്ന് മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍. നായികയായി അഭിനയിച്ച പെണ്‍കുട്ടിയും ഗംഭീര അഭിനയപ്രകടനം കാഴ്ചവച്ചു” - അമിതാഭ് ബച്ചന്‍ കുറിച്ചു.