പ്രിയന്‍ വീണ്ടും വാക്കു തരുന്നു!

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (18:20 IST)
PROPRO
“ഇത്തവണ പറഞ്ഞാല്‍ പറഞ്ഞതാ...വാക്കു മാറ്റുന്ന പ്രശ്നമില്ല. ഇനി മേലില്‍ റീമേക്ക് ചെയ്യാന്‍ ഞാനില്ല” - പറയുന്നത് സാക്ഷാല്‍ പ്രിയദര്‍ശന്‍. ‘ഓ.. പുള്ളിക്കാരന്‍ ഇതു മുമ്പും പലതവണ പറഞ്ഞിട്ടുള്ളതാ...ആ നാവില്‍ നിന്ന് ഇതല്ല മറ്റ് പല വാഗ്ദാനങ്ങളും കേട്ടു. ഒന്നും ഫലത്തില്‍ വന്നില്ലെന്നു മാത്രം’ - എന്നൊക്കെ പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. രണ്ടും കല്‍‌പിച്ചുതന്നെയാണ് പ്രിയന്‍. ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍റെ ഹിന്ദി റീമേക്ക് കഴിഞ്ഞാല്‍ ഇനി തന്‍റെ പേരില്‍ ഒരു റീമേക്ക് സിനിമ ഇറങ്ങില്ലെന്ന് ആണയിട്ടു പറയുകയാണ് ബോളിവുഡിലെ ഈ വമ്പന്‍ സംവിധായകന്‍!

ഇതിന് വ്യക്തമായ കാരണവും അദ്ദേഹം നിരത്തുന്നുണ്ട്. ഇനി സ്റ്റോക്കില്ല എന്നതു തന്നെ പ്രധാന കാരണം. ‘എന്‍റെ തന്നെ കോമഡി സിനിമകളും മറ്റുള്ളവരുടെ കോമഡികളുമൊക്കെ ഹിന്ദിയിലേക്ക് മാറ്റിക്കഴിഞ്ഞു. ഇനി റീമേക്ക് ചെയ്യാവുന്ന സിനിമകളൊന്നും മലയാളത്തിലില്ല’ - പ്രിയന്‍ പറയുന്നു. അപ്പോള്‍ പ്രിയനെ ആകര്‍ഷിക്കുന്ന മലയാളം സിനിമകള്‍ ഇനിയും ഇറങ്ങിയാല്‍ വീണ്ടും റീമേക്ക് ഭീഷണി ഉണ്ടാകുമെന്നര്‍ത്ഥം. ഇതു പേടിച്ചിട്ടാണെന്നു തോന്നുന്നു മലയാളത്തിലെ സംവിധായകപ്രതിഭകള്‍ ശരാശരി നിലവാരം പോലുമില്ലാത്ത സിനിമകള്‍ പടച്ചുവിടുന്നത്. എങ്ങാനും പ്രിയന് റീമേക്ക് ചെയ്യണമെന്നു തോന്നിയാലോ? കഴിഞ്ഞില്ലേ കഥ!

ഇത്തരം വീരവാദങ്ങള്‍ പ്രിയദര്‍ശന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇനി കോമഡിച്ചിത്രങ്ങള്‍ ഒരുക്കില്ലെന്ന് കാക്കക്കുയില്‍ എടുത്ത സമയത്ത് പറഞ്ഞു. അതിന് ശേഷം മലയാളത്തിലും ഹിന്ദിയിലുമെടുത്ത സിനിമകളെല്ലാം കോമഡി തന്നെ. കോമഡിവിട്ടു സീരിയസായാല്‍ പിന്നെ നിലനില്‍‌പില്ലെന്ന് സ്വയം തോന്നിയിട്ടുണ്ടാകണം. സീരിയസ് സിനിമയെടുക്കാന്‍ ബോളിവുഡില്‍ വേറെ ആളുകളുണ്ട്. അതിന് പ്രിയന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ.

റീമേക്ക് സിനിമകള്‍ എടുക്കുന്നത് മോശമാണെന്നൊരു തോന്നല്‍ ഈയിടെയായി പ്രിയന്‍റെ ഉള്ളില്‍ കയറിക്കൂടിയിട്ടുണ്ടെന്നു തോന്നുന്നു. അതാണ് ഇപ്പോള്‍ ഇങ്ങനെയൊരു മനം‌മാറ്റം. പ്രിയദര്‍ശന് ഹിന്ദിയില്‍ മേല്‍‌വിലാസമുണ്ടാക്കിക്കൊടുത്തത് റീമേക്ക് ചിത്രങ്ങളാണെന്ന വസ്തുത മറക്കരുതെന്നാണ് കാണിയുടെ ഉപദേശം. എന്നാല്‍ ഒറിജിനല്‍ സിനിമ വേണ്ടെന്നല്ല. കാമ്പും കഴമ്പുമുള്ള ഒറിജിനല്‍ സൃഷ്ടികളുമായി പ്രിയദര്‍ശന്‍ വന്നാല്‍ അതിനും ഹൃദയം നിറഞ്ഞ സ്വാഗതം.