പ്രണവ് മോഹന്‍ലാല്‍ എന്നുവരും? ഉത്തരം കിട്ടാതെ ആരാധകര്‍ നിരാശയില്‍ !

ചൊവ്വ, 29 നവം‌ബര്‍ 2016 (15:27 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നുണ്ടാകും? ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ ഒരുത്തരം ലഭിക്കുന്നില്ല. ജീത്തു ജോസഫിന്‍റെ തിരക്കുതന്നെയാണ് പ്രധാന കാരണം.
 
ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘തസ്കരന്‍’ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് ജീത്തു ജോസഫ് ഇപ്പോള്‍. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥയെഴുതുന്നത്.
 
കാവ്യാ മാധവനെ നായികയാക്കി ഒരു ത്രില്ലര്‍, ദിലീപ് - കാവ്യ ജോഡിയുടെ ഫാമിലി എന്‍റര്‍ടെയ്നര്‍, പൃഥ്വിരാജിനെ നായകനാക്കി ഒരു ആക്ഷന്‍ സിനിമ, മമ്മൂട്ടിയുടെ കുടുംബചിത്രം, ഒരു മോഹന്‍ലാല്‍ ചിത്രം എന്നിവയും ജീത്തു ജോസഫ് കമ്മിറ്റ് ചെയ്തിട്ടുള്ള പ്രൊജക്ടുകളാണ്.
 
ഇതിനിടയില്‍ നവാഗതനായ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്‍ഷ്യം എന്ന ത്രില്ലറിന് തിരക്കഥയെഴുതുകയും ചെയ്യുന്നുണ്ട് ജീത്തു ജോസഫ്. ഇത്രയും തിരക്കിനിടയില്‍ പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റ സിനിമ എന്നുണ്ടാകുമെന്ന ഉത്തരം ലഭിക്കാതെ ആരാധകര്‍ നിരാശയിലാണ്.
 
പ്രണവിന്‍റെ അരങ്ങേറ്റചിത്രം ഒരു സംഭവമാകണമെന്ന കാര്യത്തില്‍ ആരാധകര്‍ക്കോ ജീത്തു ജോസഫിനോ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ആ സിനിമയുടെ തിരക്കഥയ്ക്ക് അതിനാവശ്യമായ സമയം നല്‍കേണ്ടതുണ്ട്. ഒരു ഇന്‍ഡസ്ട്രി ഹിറ്റിലൂടെ പ്രണവിനെ നായകനിരയിലേക്ക് കൊണ്ടുവരാനാണ് ജീത്തു ജോസഫ് ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക