പ്രകാശ് റോയ് റോഷ്നിയെ പ്രണയിക്കുമ്പോള്‍... മമ്മൂട്ടിക്ക് അതൊരു പുതുമയുള്ള കാര്യമല്ല!

തിങ്കള്‍, 29 ഫെബ്രുവരി 2016 (17:51 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘വൈറ്റ്’ ഒരു പ്രണയകഥയാണ് പറയുന്നത്. പ്രകാശ് റോയ് എന്ന മധ്യവയസ്കനായ ബാങ്കറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇരുപതുകാരിയായ റോഷ്നിയായി ഹ്യുമ ഖുറേഷി അഭിനയിക്കുന്നു. പ്രകാശ് റോയിയും റോഷ്നിയും തമ്മിലുള്ള പ്രണയമാണ് വൈറ്റിന്‍റെ പ്രമേയം.
 
ലണ്ടനിലാണ് പ്രകാശ് റോയ് താമസിക്കുന്നത്. അതിസമ്പന്നന്‍. ഐ ടി പ്രൊഫഷണലാണ് റോഷ്നി. സാഹചര്യങ്ങളുടെ കളിയാകാം, നല്ല പ്രായവ്യത്യാസമുള്ള ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയാണ്. വൈറ്റിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി.
 
ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ഈ ലവ് സ്റ്റോറിയുടെ തിരക്കഥ ഉദയ് അനന്തന്‍, നന്ദിനി വില്‍‌സണ്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്.
 
ലണ്ടനും മുംബൈയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിക്ക്, സുനില്‍ സുഖദ, കെ പി എ സി ലളിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
 
വളരെ പ്രായം കുറഞ്ഞ നായികയുമായി നായക കഥാപാത്രം പ്രണയത്തിലാകുന്നത് മമ്മൂട്ടിക്ക് ഒരു പുതുമയുള്ള കാര്യമല്ല. വളരെ പ്രശസ്തമായ കാണാമറയത്ത് മുതല്‍ മമ്മൂട്ടി അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ കടല്‍, ഉദ്യാനപാലകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, മഴയെത്തും മുന്‍പെ തുടങ്ങി ഒട്ടേറെ സിനിമകള്‍ അത്തരത്തില്‍ ചൂണ്ടിക്കാണിക്കാനാവും.

വെബ്ദുനിയ വായിക്കുക