പൃഥ്വിരാജ് മെഗാതാരം, ആരും കൊതിക്കുന്ന നേട്ടത്തില്‍ പൃഥ്വി!

Webdunia
ബുധന്‍, 27 ജനുവരി 2016 (21:43 IST)
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ക്കായിരുന്നു കുറച്ചുവര്‍ഷങ്ങള്‍ മുമ്പുവരെ ചാനലുകളുടെ സാറ്റലൈറ്റ് മത്സരത്തില്‍ ഡിമാന്‍‌ഡ്. ഇപ്പോള്‍ ആ സമവാക്യമെല്ലാം മാറിമറിയുകയാണ്. പൃഥ്വിരാജിന്‍റെ എന്ന് നിന്‍റെ മൊയ്തീന്‍ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകയ്ക്ക്.
 
6.87 കോടി രൂപയ്ക്കാണ് പൃഥ്വിരാജിന്‍റെ ഈ മെഗാഹിറ്റ് സിനിമ ഏഷ്യാനെറ്റ് വാങ്ങിയിരിക്കുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ സിനിമ സ്വപ്നതുല്യമായ തുക ചാനല്‍ അവകാശം സ്വന്തമാക്കുമ്പോള്‍ ചിത്രത്തിന്‍റെ മൊത്തം നേട്ടം അമ്പതുകോടിക്ക് മുകളിലേക്ക് പോകുകയാണ്.
 
ഒമ്പതുകോടി രൂപയാണ് എന്ന് നിന്‍റെ മൊയ്തീന്‍റെ ചെലവ്. ഇതിനകം തന്നെ 45 കോടിക്കുമേല്‍ ചിത്രം തിയേറ്റര്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മൊയ്തീന്‍ മാറിയിരിക്കുന്നു.
 
തുടര്‍ച്ചയായി നാല് മെഗാഹിറ്റുകളിലൂടെ പൃഥ്വിരാജ് മലയാളത്തിന്‍റെ മെഗാസ്റ്റാറായി മാറുകയും ചെയ്യുന്നു. പുതിയ റിലീസായ ‘പാവാട’യും ആരിലും അസൂയ ജനിപ്പിക്കുന്ന വിജയം നേടി മുന്നേറുകയാണ്.