പൃഥ്വിയെയും ദിലീപിനെയും ദുല്‍ക്കറിനെയും നേരിടാന്‍ മമ്മൂട്ടിയില്ല, മോഹന്‍ലാലില്ല, നിവിന്‍ പോളിയില്ല !

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2015 (14:05 IST)
വരുന്ന ക്രിസ്മസ് മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത വരുന്നു. എ കെ സാജന്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘പുതിയ നിയമം’ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തില്ല. ചിത്രത്തിന്‍റെ റിലീസ് ജനുവരിയിലേക്ക് മാറ്റി. നയന്‍‌താര നായികയാകുന്ന സിനിമ ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം ജനുവരിയിലേ തിയേറ്ററുകളിലെത്തുകയുള്ളൂ. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ‘ചാര്‍ലി’ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. മമ്മൂട്ടിച്ചിത്രത്തിന്‍റെ പിന്‍‌മാറ്റത്തിന് ഇതൊരു കാരണമായോ എന്ന് അറിവായിട്ടില്ല. 
 
ഈ വര്‍ഷം ക്രിസ്മസിന് റിലീസ് തീരുമാനിച്ചിട്ട് പിന്നീട് മാറ്റിവയ്ക്കുന്ന ആദ്യത്തെ ചിത്രമല്ല പുതിയ നിയമം. മോഹന്‍ലാലിന്‍റെ പുലി മുരുകനാണ് അത്തരത്തില്‍ പിന്‍‌മാറിയ ഏറ്റവും പ്രധാന ചിത്രം. പുലി മുരുകന്‍റെ ഷൂട്ടിംഗ് തീരാത്തതാണ് ക്രിസ്മസിന് റിലീസ് ചെയ്യാന്‍ കഴിയാത്തതിന് കാരണം. എന്നാല്‍ ക്രിസ്മസിന് പുലിമുരുകന്‍റെ ട്രെയിലര്‍ ഇറക്കി സോഷ്യല്‍ മീഡിയയില്‍ കളം പിടിക്കാനാണ് മോഹന്‍ലാലിന്‍റെ ശ്രമമെന്നറിയുന്നു. 
 
‘പ്രേമ’ത്തിന് ശേഷം സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന നിവിന്‍ പോളിയുടെ പുതിയ സിനിമ ‘ആക്ഷന്‍ ഹീറോ ബിജു’ ക്രിസ്മസ് റിലീസായി പ്ലാന്‍ ചെയ്തിരുന്നതാണ്. എന്നാല്‍ ആ സിനിമയുടെ റിലീസും മാറ്റിവച്ചിരിക്കുകയാണ്. ആ ചിത്രം എന്ന് റിലീസ് ആകുമെന്ന കാര്യത്തില്‍ ഒരു റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ല. 1983ന് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. അനു ഇമ്മാനുവല്‍ നായികയാകുന്ന ചിത്രം നിവിന്‍ പോളി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 
പൃഥ്വിരാജിന്‍റെ ‘പാവാട’, ദിലീപിന്‍റെ ‘2 കണ്‍‌ട്രീസ്’, ധ്യാന്‍ ശ്രീനിവാസന്‍റെ ‘അടി കപ്യാരേ കൂട്ടമണി’ എന്നിവയാണ് ക്രിസ്മസിനെത്തുന്ന പ്രധാന ചിത്രങ്ങള്‍. ഇവയ്ക്കൊപ്പം ചാര്‍ലി കൂടിയാകുമ്പോള്‍  മലയാളത്തിന്‍റെ താരചക്രവര്‍ത്തിമാര്‍ ഇല്ലെങ്കിലും ക്രിസ്മസ് പൊടിപൂരമാകുമെന്ന് കരുതാം.