മമ്മൂട്ടിയുടെ അടിപൊളി മസാലപ്പടത്തിനായി കാത്തിരുന്നവർക്ക് ആഘോഷിക്കാം. താരചക്രവർത്തി തയ്യാറായിക്കഴിഞ്ഞു. നല്ല ഒന്നാന്തരം മസാല എൻറർടെയ്‌നർ - തോപ്പിൽ ജോപ്പൻ !
ജോണി ആൻറണിയാണ് ഈ സിനിമയുടെ സംവിധായകൻ. അടിക്ക് അടി, ഡാൻസിന് ഡാൻസ്, കോമഡിക്ക് കോമഡി, പാട്ടിനുപാട്ട് - എല്ലാം ഒത്തുചേർന്ന സിനിമയുടെ തിരക്കഥ നിഷാദ് കോയ.
മമ്മൂട്ടി ജോപ്പൻ എന്ന അച്ചായൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം അച്ചായൻ വേഷത്തിൽ മമ്മൂട്ടിക്ക് തകർത്തഭിനയിക്കാൻ സ്പേസുള്ള കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് സംഗീതം.
ആൻഡ്രിയ ജെർമിയയും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാർ. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും.
പാലാ, വാഗമൺ, തൊടുപുഴ, തോപ്രാംകുടി എന്നിവിടങ്ങളിലായി ചിത്രീകരണം നടത്താനാണ് പദ്ധതി. മോഹൻലാലിന് പുലിമുരുകൻ, ബെൻസ് വാസു എന്നീ ആക്ഷൻ മസാല എൻറർടെയ്‌നറുകൾ വരുന്ന പശ്ചാത്തലത്തിൽ മമ്മൂട്ടി അത്തരം സിനിമകളിൽ നിന്ന് അകന്നുനിൽക്കുന്നത് ആരാധകരിൽ നിരാശയുണർത്തിയിരുന്നു. എന്തായാലും തോപ്പിൽ ജോപ്പനായി മമ്മൂട്ടി കസറുമെന്നുറപ്പ്.
തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളുടെ സംവിധായകനാണ് ജോണി ആൻറണി.