മലയാളത്തിലെ ഏറ്റവും വലിയ താര ഏറ്റുമുട്ടലിനാണ് കഴിഞ്ഞ വര്‍ഷം സാക്‍ഷ്യം വഹിച്ചത്. മോഹന്‍ലാലിന്‍റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും ഒരേ ദിവസം റിലീസായി. പുലിമുരുകന്‍ 100 കോടി ക്ലബില്‍ ഇടം നേടിയപ്പോള്‍ അത്രയും വലിയ ഒരു സിനിമയെ ചെറുത്തുനിന്ന് തോപ്പില്‍ ജോപ്പനും സൂപ്പര്‍ഹിറ്റായി.
ആ ഒരൊറ്റക്കാരണത്താല്‍ തോപ്പില്‍ ജോപ്പന്‍ എന്നും ഓര്‍മ്മിക്കപ്പെടും. കാരണം, പുലിമുരുകനാല്‍ തകര്‍ത്തെറിയപ്പെട്ടില്ല ജോപ്പന്‍. യഥാര്‍ത്ഥ പോരാട്ടം നടത്തി വന്‍ വിജയം കരസ്ഥമാക്കി.
ആ സിനിമ ഒന്നിച്ചുവന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി - മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റുമുട്ടിയിരുന്നു. ആരുടെ സിനിമയാണ് മെച്ചം, ഏതാണ് കൂടുതല്‍ വിജയം എന്നൊക്കെയുള്ള വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചയും പരസ്പരാക്രമണവും നടന്നു. എന്നാല്‍ ഈ സമയത്ത് പുലിമുരുകന്‍റെ സംവിധായകന്‍ വൈശാഖും തോപ്പില്‍ ജോപ്പന്‍റെ സംവിധായകന്‍ ജോണി ആന്‍റണിയും എന്തുചെയ്യുകയായിരുന്നു?
ഇരുവരും ആ സമയത്ത് ഒന്നിച്ചുതന്നെയുണ്ടായിരുന്നു എന്നാണ് വൈശാഖ് പറയുന്നത്. വൈശാഖിന്‍റെ ഗുരുവാണ് ജോണി ആന്‍റണി. വൈശാഖ് സിനിമാ സംവിധാനം പഠിച്ചത് ജോണി ആന്‍റണിയില്‍ നിന്നും ജോഷിയില്‍ നിന്നുമാണ്. ഇവരുടെ സിനിമകളില്‍ അസിസ്റ്റന്‍റായായിരുന്നു വൈശാഖിന്‍റെ സിനിമാജീവിതത്തിന്‍റെ തുടക്കം.
“ഇപ്പോള്‍ ജോണിയേട്ടന്‍റെ സിനിമയ്ക്കൊപ്പം പുലിമുരുകനും തിയേറ്ററില്‍ എത്തിയപ്പോള്‍ പലരും ഞങ്ങളുടെ ബന്ധത്തെ അത് ബാധിച്ചോ എന്ന് ചോദിച്ചു. റിലീസിന്‍റെ തലേദിവസം വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. വ്യക്തിബന്ധങ്ങള്‍ ഉലച്ചിടാന്‍ സിനിമയ്ക്ക് ഒരിക്കലും കഴിയില്ല” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വൈശാഖ് വ്യക്തമാക്കുന്നു.