താന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ ചെന്നപ്പോഴെല്ലാം അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ പാര്‍വതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ജഗതിയുടെ രണ്ടാമത്തെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. “അപകടത്തിനുശേഷം പപ്പയെ ഇതുവരെ കാണാന്‍ അനുവദിച്ചില്ല. എപ്പോഴൊക്കെ പപ്പയെ കാണാന്‍ ചെന്നോ അപ്പോഴെല്ലാം പാര്‍വതി ചേച്ചി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷമായി ഞാന്‍ പപ്പയെ കണ്ടിട്ട്. അതുകൊണ്ടാണ് പൊതുവേദിയാണേലും പപ്പയെ കാണാന്‍ വന്നത്” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീലക്ഷ്മി വ്യക്തമാക്കി.
“കോടതിവിധി കൊണ്ടുചെന്നിട്ടുപോലും പപ്പയെ കാണാന്‍ അനുവദിച്ചില്ല. ഇതാകുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ട്, തടയാന്‍ ആരും വരില്ല എന്ന ധൈര്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വന്നതും പപ്പയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തതും. ഞാനും പപ്പയും എത്രത്തോളം മിസ് ചെയ്തിട്ടുണ്ടെന്ന് പപ്പയുടെ മുഖഭാവത്തില്‍ നിന്നു തന്നെ വ്യക്തമാണ്” - ശ്രീലക്ഷ്മി പറയുന്നു.
അപകടത്തിനുശേഷം പൊതുജീവിതത്തില്‍ നിന്നും ഒഴിഞ്ഞുനിന്നിരുന്ന ജഗതി ശ്രീകുമാര്‍ ആദ്യമായി ഒരു പൊതുവേദിയിലേക്ക് വന്ന ചടങ്ങിലാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. ജഗതിയെ വേദിയിലേക്കു കൊണ്ടുപോയപ്പോള്‍ ഭാര്യ ശോഭ ശ്രീകുമാറും മകന്‍ രാജ്കുമാറും സദസ്സിലിരുന്നു.
വേദിയിലെത്തിയ ജഗതി ശ്രീകുമാറിനു സമീപമെത്തി മകള്‍ പാര്‍വതി സമ്മേളനവിവരങ്ങള്‍ പറഞ്ഞു. മരുമകന്‍ ഷോണ്‍ ജോര്‍ജ് അവാര്‍ഡുസമ്മേളനത്തിന്റെ നോട്ടീസ് നല്‍കുകയുംചെയ്തു. തുടര്‍ന്ന് പി സി ജോര്‍ജ്ജ് അധ്യക്ഷപ്രസംഗം ആരംഭിച്ചു. അപ്പോഴായിരുന്നു ശ്രീലക്ഷ്മിയുടെ വരവും നാടകീയരംഗങ്ങളും.