കഴിഞ്ഞ ദിവസം യുവ സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളി ചെന്നൈയിലുണ്ടായിരുന്നു. ഒന്നുരണ്ടുപരിപാടികളാണ് നിവിന് പ്രധാനമായി ഉണ്ടായിരുന്നത്. തമിഴ് സൂപ്പര്‍താരം വിക്രം സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ് ഓഫ് ചെന്നൈ’ എന്ന ആല്‍ബത്തില്‍ അഭിനയിക്കുക എന്നതായിരുന്നു അതില്‍ ഒന്ന്. പ്രേമത്തിന്‍റെ 222ആം ദിവസം ആഘോഷിക്കുന്നതിന്‍റെ ഭാഗമായുള്ള സ്പെഷ്യല്‍ ഷോയില്‍ പങ്കെടുക്കുകയും നിവിന്‍റെ ഉദ്ദേശ്യമായിരുന്നു.
ഈ രണ്ടുകാര്യങ്ങളും നടന്നു. വിക്രമിന്‍റെ ആല്‍ബത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പക്ഷേ അത്ഭുതപ്പെട്ടുപോയത് നിവിന്‍ എന്ന സൂപ്പര്‍താരത്തിന്‍റെ എളിമയുടെ മുന്നിലാണ്. ആത്മാര്‍ത്ഥതയുടെയും ലളിതജീവിതത്തിന്‍റെയും കാര്യത്തില്‍ വിക്രം ഏവര്‍ക്കും മാതൃകയാണ്. എന്നാല്‍ അക്കാര്യത്തില്‍ വിക്രമിനെയും വെല്ലും നിവിന്‍ പോളി എന്നാണ് അവര്‍ പറയുന്നത്.
ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുമ്പോള്‍ തനിക്ക് ഒരു ചായ കുടിക്കണമെന്ന് നിവിന്‍ ആവശ്യപ്പെട്ടത്രേ. ഏതെങ്കിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് പോകാമെന്ന് കരുതി ആല്‍ബത്തിന്‍റെ ചുമതലക്കാര്‍ അതിനുള്ള സൌകര്യം അന്വേഷിച്ചുതുടങ്ങി. എന്നാല്‍ പെട്ടെന്നുതന്നെ നിവിന്‍ ഇടപെട്ടു - “വഴിയില്‍ കാണുന്ന ഏതെങ്കിലും ഒരു ചായക്കടയുടെ മുമ്പില്‍ നിര്‍ത്തിയാല്‍ മതി” - എന്ന് നിവിന്‍ പറഞ്ഞു. അത്ഭുതം കൊണ്ട് വാപൊളിച്ചുപോയി ‘വിക്രമിന്‍റെ പിള്ളേര്‍’ എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ താരം അവിടെ നിന്ന് ചായ വാങ്ങി ആസ്വദിച്ച് കുടിച്ചത്രേ. തലയില്‍ ഒരു തൊപ്പിയും വച്ച്, വണ്ടിയില്‍ ചാരിനിന്ന് ചായകുടിക്കുന്ന നിവിന്‍ പോളിയുടെ ചിത്രം അവരുടെ മനസില്‍ നിന്ന് ഉടനെങ്ങും മാഞ്ഞുപോവുകയുമില്ല.