നാദിർഷയുടെ അടുത്ത ചിത്രത്തിലും ദിലീപില്ല, പകരം നിവിൻ പോളി? !

Webdunia
തിങ്കള്‍, 16 നവം‌ബര്‍ 2015 (18:20 IST)
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും ദിലീപ് അഭിനയിക്കില്ല എന്ന് റിപ്പോർട്ടുകൾ. അമർ അക്ബർ അന്തോണി 40 കോടി ക്ലബിൽ ഇടം നേടിയതിന് പിന്നാലെ വരുന്ന വാർത്തകളിൽ നാദിർഷയുടെ അടുത്ത നായകൻ ദിലീപല്ല, പകരം നിവിൻ പോളിയാണ്. ഈ സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് വിവരം.
 
നാദിർഷ ഉടൻ ചെയ്യാൻ പോകുന്നത് അമർ അക്‌ബർ അന്തോണിയുടെ തമിഴ് റീമേക്കാണ്. തമിഴിലെ പ്രമുഖ യുവതാരങ്ങളെ അണിനിരത്തിയാണ് നാദിർഷ ഇത് പ്ലാൻ ചെയ്യുന്നത്. വമ്പൻ ബജറ്റിൽ ഒരു കളർഫുൾ എന്റർടെയ്നറാണ് നാദിഷയുടെ ലക്‌ഷ്യം. ആ സിനിമ പുറത്തിറങ്ങിക്കഴിഞ്ഞാലുടൻ മലയാളചിത്രത്തിന്റെ ജോലികളിലേക്ക് കടക്കും.
 
അടുത്ത മലയാളം പ്രൊജക്ടിനായി നാദിർഷ തെരഞ്ഞെടുത്തിരിക്കുന്ന സബ്‌ജക്‌ടും ദിലീപിന് യോജിച്ചതല്ലെന്നാണ് റിപ്പോർട്ടുകൾ. കാര്യങ്ങളെല്ലാം ശരിയായി വന്നാൽ നിവിൻ പോളി ഈ പ്രൊജക്ടിൻടെ ഭാഗമാകുമെന്നാണ് സൂചന.
 
ദിലീപിന് വേണ്ടി ഒരു സിനിമ തട്ടിക്കൂട്ടിയുണ്ടാക്കാൻ നാദിർഷയ്ക്കും താൽപ്പര്യമില്ല. താനും ദിലീപും ഒത്തുചേരുമ്പോൾ അത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റാകണമെന്നാണ് നാദിർഷയുടെ ആഗ്രഹം. അതിനായി മീശമാധവൻ പോലെ ഒരു സ്ക്രിപ്റ്റാണ് നാദിർഷ തേടിക്കൊണ്ടിരിക്കുന്നത്.