ദേശീയ അവാര്‍ഡ് മോഹവുമായി കുഞ്ചാക്കോ ബോബന്‍

Webdunia
ശനി, 25 ഏപ്രില്‍ 2015 (10:38 IST)
നിരവധി സിനിമകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരെ കൈയിലെടുത്തിട്ടുള്ള താരമാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ ഇതുവരെ ഒരു ദേശീയ അവാര്‍ഡ് താരത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍, ദേശീയ അവാര്‍ഡ് മോഹം മറച്ചുവെയ്ക്കാന്‍ കുഞ്ചാക്കോ ബോബന്‍ തയ്യാറുമല്ല. അത് പരസ്യമായി തന്നെ പറയുകയും ചെയ്തു ചാക്കോച്ചന്‍.
 
തന്റെ ഫേസ്‌ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത ഒരു ഫോട്ടോയ്ക്ക് നല്കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളായ സുരാജ് വെഞ്ഞാറമൂടിനും സിദ്ദാര്‍ത്ഥ് ശിവയ്ക്കും ഒപ്പം ഇരിക്കുന്ന ചിത്രത്തിന് നല്കിയ അടിക്കുറിപ്പാണ് അവാര്‍ഡ് മോഹം പുറത്താക്കിയത്. ‘മുല്ല പൂമ്പൊടി ഏറ്റു കിടക്കും, എനിക്കും കിട്ടുമോ ഒരു സൌരഭ്യം’ എന്നായിരുന്നു അടിക്കുറിപ്പ്.
 
ഇതിന്റെ കുറവ് ഡോ ബിജുവിന്റെ  'വലിയചിറകുള്ള പക്ഷികള്‍' ലൂടെ തീര്‍ക്കുമോ എന്നാണ് സിനിമാലോകം ഇപ്പോള്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
 
ഡോ ബിജു തന്നെ സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് സുരാജിന് മികച്ച അഭിനേതാവിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ‘101 ചോദ്യങ്ങള്‍’ എന്ന ചിത്രത്തിന്  സിദ്ധാര്‍ഥ് ശിവയ്ക്ക് 2012ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
 
ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് 2004ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

(ചിത്രത്തിനു കടപ്പാട് - കുഞ്ചാക്കോ ബോബന്റെ ഫേസ്‌ബുക്ക് പേജ്)