'ദൃശ്യം' ഹിന്ദിയിലേക്കും പോകുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്ജുകുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അജയ് ദേവ്ഗണ് അവതരിപ്പിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് അല്ല. ജീത്തുവിന് ഇതിനായി ഓഫര്‍ വന്നു എങ്കിലും സ്വീകരിച്ചില്ല.
കൌതുകമുള്ളൊരു സംഗതി പറയാന്‍ വരുന്നതേയുള്ളൂ. സ്വന്തം മകള്‍ ചെയ്ത ഒരു കൊലപാതകം മറച്ചുവയ്ക്കാന്‍ അച്ഛന് നടത്തുന്ന ശ്രമങ്ങളാണല്ലോ ദൃശ്യം എന്ന സിനിമയുടെ പ്രമേയം. എന്നാല്‍ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ നായക കഥാപാത്രത്തിന് മകളില്ല!
അജയ് ദേവ്ഗണ് 16 വയസുള്ള മകളുടെ പിതാവായി അഭിനയിച്ചാല്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണത്രേ നായകന് മകള്‍ വേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പകരം, നായകന്റെ സഹോദരി കൊലപാതകം ചെയ്യുന്ന രീതിയിലേക്ക് കഥ മാറ്റിയെടുക്കാനാണ് തീരുമാനം.
മലയാള സിനിമയിലെ മഹാവിജയമായ 'ദൃശ്യം' ഒട്ടേറെ കോപ്പിയടി വിവാദങ്ങളെ അതിജീവിച്ച ഒരു ചിത്രമാണ്. കീഗോ ഹിഗാഷിനോ എന്ന ജാപ്പനീസ് നോവലിസ്റ്റിന്റെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന ത്രില്ലര്‍ നോവലിന്റെ കോപ്പിയാണ് ദൃശ്യം എന്നൊരു ആരോപണം സജീവമായിരുന്നു. എന്നാല്‍ ആ ആരോപണം സംവിധായകന് ജീത്തു ജോസഫ് തള്ളിക്കളഞ്ഞതാണ്.
ദൃശ്യം ഹിന്ദി റീമേക്കിനൊപ്പം 'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതും കൌതുകകരമായ സംഭവമാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് 'കഹാനി'യുടെ സംവിധായകന് സുജോയ് ഘോഷ് ആണ്. സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ നായകന്. ഏക്താ കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ദി ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ്' എന്ന നോവലിന്റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവസ്കന് ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്. ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്.