'100 ഡെയ്സ് ഓഫ് ലവ്' എന്നത് ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമയുടെ പേരാണ്. പ്രശസ്ത സംവിധായകന്‍ കമലിന്‍റെ പുത്രന്‍ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ഈ ലവ് സ്റ്റോറിയില്‍ നിത്യ മേനോനാണ് നായിക. എന്തായാലും സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പല റൂമറുകളാണ് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉയരുന്നത്. അതിലൊന്ന്, ഈ സിനിമയുടെ ബജറ്റ് 10 കോടിയും കടന്ന് 15 കോടിയിലേക്ക് കുതിച്ചു എന്നും ഇത് മനസിലാക്കിയ നിര്‍മ്മാതാവ് സിനിമ നിര്‍ത്തിവയ്ക്കുകയായിരുന്നു എന്നുമാണ്. എന്നാല്‍ സംവിധായകന്‍ ജെനൂസ് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നു.
"ദുല്‍ക്കറും നിത്യയും മണിരത്നത്തിന്‍റെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിനാലാണ് 100 ഡെയ്സ് ഓഫ് ലവിന്‍റെ ഷെഡ്യൂള്‍ ബ്രേക്ക് ആയത്. ഇത് മുമ്പ് തീരുമാനിച്ചതാണ്. ബജറ്റ് 15 കോടിയാകുമെന്ന് തിരിച്ചറിഞ്ഞ് നിര്‍മ്മാതാവ് പടം നിര്‍ത്തിയെന്നൊക്കെയുള്ള റൂമറുകള്‍ അത്ഭുതം ജനിപ്പിക്കുന്നു. അത്രയും ബജറ്റുണ്ടെങ്കില്‍ ഈ സിനിമ ബാംഗ്ലൂരിന് പകരം ന്യൂയോര്‍ക്ക് സിറ്റിയില്‍ ചിത്രീകരിക്കാമല്ലോ. ഒരു മലയാള ചിത്രത്തിന് ആവശ്യമുള്ള ബജറ്റ് മാത്രമേ ഈ സിനിമയ്ക്കുള്ളൂ" - ജെനൂസ് മുഹമ്മദ് പറയുന്നു.
ദുല്‍ക്കറും നിത്യയും ഇപ്പോള്‍ മണിരത്നം ചിത്രമായ 'ഒകെ കണ്‍മണി'യുടെ ഷൂട്ടിംഗിലാണ്. ആ സിനിമ പൂര്‍ത്തിയായ ശേഷം ഇരുവരും 100 ഡെയ്സ് ഓഫ് ലവില്‍ വീണ്ടും അഭിനയിച്ചുതുടങ്ങുമെന്നാണ് സംവിധായകന്‍ അറിയിക്കുന്നത്.