ദിലീപ് ചിത്രം ‘ശിങ്കാരവേലന്‍’, ഓരോ സീനിലും കോമഡി!

ശനി, 29 ജൂണ്‍ 2013 (13:58 IST)
PRO
ജനപ്രിയനായകന്‍ ദിലീപിന്‍റെ ശക്തി കോമഡിയാണ്. അതുകൊണ്ടുതന്നെ ദിലീപ് ചിത്രങ്ങള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടിയുണ്ട്. ഓരോ വര്‍ഷവും ദിലീപ് തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം ദിലീപിന്‍റെ ഏറ്റവും വലിയ വിജയം ‘മായാമോഹിനി’ ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റും അതുതന്നെ. ജോസ് തോമസ് സംവിധാനം ചെയ്ത ആ ചിത്രത്തിന്‍റെ തിരക്കഥ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമായിരുന്നു.

‘മായാമോഹിനി’യുടെ വിജയം ഈ വര്‍ഷവും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ദിലീപും ജോസ് തോമസും പൊന്നിന്‍ വിലയുള്ള തിരക്കഥാകൃത്തുക്കളും. ഒറ്റപ്പാലത്തിനടുത്ത് തിരുവില്വാമലയിലെ കുത്താം‌പള്ളി നെയ്ത്തുഗ്രാമം പശ്ചാത്തലമാക്കിയാണ് ഇവരുടെ പുതിയ സിനിമയൊരുങ്ങുന്നത്. ദിലീപ് നെയ്ത്തുകാരനായി അഭിനയിക്കുന്ന ഈ ചിത്രത്തിന് പേരിട്ടു - ശിങ്കാരവേലന്‍!

ഓരോ സീനിലും കോമഡി നിറച്ച ഒരു വെടിക്കെട്ട് ചിരിയുത്സവമാണ് ശിങ്കാരവേലനില്‍ ദിലീപും ജോസ് തോമസും കാത്തുവച്ചിരിക്കുന്നത്. നെയ്ത്തുഗ്രാമത്തിലെ അയ്യപ്പനാശാന്‍റെ മകന്‍ കണ്ണനായാണ് ദിലീപ് വേഷമിടുന്നത്. അവന്‍ ഒന്നാന്തരം നെയ്ത്തുകാരനാണ്. എന്നാല്‍ അവന് അതിലൊന്നുമല്ല താല്‍പ്പര്യം. എങ്ങനെയും പെട്ടെന്ന് പണമുണ്ടാക്കണം. അതിനുള്ള പരിശ്രമത്തിനിടയില്‍ അവനൊരു കൂട്ടുകാരനെ ലഭിക്കുന്നു. ഗ്രാമത്തിലെ സമ്പന്നനായ അവറാച്ചന്‍റെ കാല് തല്ലിയൊടിക്കാനുള്ള ക്വട്ടേഷനുമായി എത്തിയ യേശു. ലാല്‍ ആണ് യേശുവിനെ അവതരിപ്പിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരും ദിലീപിന്‍റെ സുഹൃത്തുക്കളായി വരുന്നു. വേദികയാണ് നായിക. നെടുമുടി വേണു, ജോയ് മാത്യു, ബാബു നമ്പൂതിരി, ചെമ്പില്‍ അശോകന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷാജി ഛായാഗ്രഹണം നിര്‍മ്മിക്കുന്ന ശിങ്കാരവേലന്‍ നിര്‍മ്മിക്കുന്നത് ജയ്സണ്‍ ഇളങ്കുളമാണ്. സംഗീതം ബേണി ഇഗ്നേഷ്യസ്.

പാലക്കാട്, കൊച്ചി, പഴനി, പൊള്ളാച്ചി, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ശിങ്കാരവേലന്‍ മഞ്ജുനാഥാ റിലീസ് ആണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

വെബ്ദുനിയ വായിക്കുക