ദിലീപ് ചിത്രം ഷൂട്ട് ചെയ്യുന്നത് ഐഫോണില്‍, ചരിത്രം സൃഷ്ടിക്കാന്‍ സിദ്ദിക്ക്-ലാല്‍ !

Webdunia
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (15:24 IST)
ദിലീപ് നായകനാകുന്ന ‘കിംഗ് ലയര്‍’ എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് ഐഫോണില്‍. ഈ ചിത്രം ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കില്ല. സിദ്ദിക്കിന്‍റെ തിരക്കഥയില്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുകയാണ്. പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 
 
അങ്ങനെയാണെങ്കില്‍, ആദ്യമായി ഐഫോണില്‍ ചിത്രീകരിക്കുന്ന മെയിന്‍‌സ്ട്രീം സിനിമയെന്ന ഖ്യാതി കിംഗ് ലയറിന് ലഭിക്കും. ചിത്രത്തില്‍ ‘പ്രേമം’ നായിക മഡോണ സെബാസ്റ്റിയന്‍ ദിലീപിന്‍റെ ജോഡിയാകും. അഞ്ജലി എന്നാണ് മഡോണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
 
‘നുണകളുടെ രാജാവ്’ എന്നാണ് കിംഗ് ലയര്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. നുണകള്‍ പറഞ്ഞ് ജീവിക്കുകയും ജീവിതം തന്നെ വലിയ നുണയായി മാറുകയും ചെയ്യുന്ന ചെറുപ്പക്കാരനായാണ് ദിലീപ് ഈ സിനിമയില്‍ വേഷമിടുന്നത്.
 
കിംഗ് ലയര്‍ ക്രിസ്മസ് റിലീസായിരിക്കും. മഡോണ നായികയാകുന്ന രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. പ്രേമത്തില്‍ നിവിന്‍ പോളിയുടെ ജോര്‍ജ്ജ് എന്ന കഥാപാത്രം ഒടുവില്‍ വിവാഹം കഴിക്കുന്ന സെലിന്‍ എന്ന പെണ്‍കുട്ടിയെയാണ് മഡോണ അവതരിപ്പിച്ചത്. നളന്‍ കുമാരസ്വാമി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി മഡോണ അഭിനയിക്കുന്നുണ്ട്.
 
സിദ്ദിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ ദിലീപ് ഒരു ചിത്രം അഭിനയിക്കുന്നത് ആദ്യമായാണ്. എന്നാല്‍ സിദ്ദിക്ക് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ എന്ന മെഗാഹിറ്റിലെ നായകന്‍ ദിലീപായിരുന്നു.