നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീളുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലാണ് സിനിമാലോകം. മലയാള സിനിമയുടെ നെടുംതൂണെന്ന് വിശേഷിപ്പിക്കാവുന്ന സൂപ്പര്‍താരത്തിന് വന്നുചേര്‍ന്നിരിക്കുന്ന ഈ പ്രതിസന്ധി സിനിമാ വ്യവസായത്തെ തന്നെ കുഴപ്പത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപ് ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്ന പ്രശ്നം പ്രധാനമായും പ്രതികൂലമായി ബാധിക്കുന്ന മൂന്നുപേര്‍ ഇപ്പോള്‍ സിനിമാലോകത്തുണ്ട്. അത് മൂന്ന് സംവിധായകരാണ്. ദിലീപിന്‍റെ അടുത്ത മൂന്ന് സിനിമകളുടെ സംവിധായകരാണ് അവര്‍.
ഉടന്‍ റിലീസ് പ്രതീക്ഷിക്കുന്ന രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി, കമ്മാരസംഭവത്തിന്‍റെ സംവിധായകന്‍ രതീഷ് അമ്പാട്ട്, പ്രൊഫസര്‍ ഡിങ്കന്‍റെ സംവിധായകന്‍ രാമചന്ദ്രബാബു എന്നിവരാണ് ആ സംവിധായകര്‍. ഈ മൂന്നുപേരുടെയും ആദ്യസംവിധാന സംരംഭങ്ങളാണ് ഈ സിനിമകള്‍.
ദിലീപ് ചിത്രങ്ങളോട് പ്രേക്ഷകപ്രതികരണം ഏതുനിലയിലാവും എന്നതാണ് രാമലീല നേരിടുന്ന വലിയ പ്രതിസന്ധി. ചിത്രം ജനങ്ങള്‍ ഏറ്റെടുക്കാതെ പോയാല്‍ അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്‍റെ സ്വപ്നത്തിനായിരിക്കും തിരിച്ചടിയേല്‍ക്കുക. രതീഷ് അമ്പാട്ടിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. കമ്മാരസംഭവത്തിന്‍റെ ചിത്രീകരണം എന്നാരംഭിക്കാന്‍ കഴിയും എന്നതില്‍ പോലും ഇതുവരെ വ്യക്തതയില്ല.
എന്നാല്‍ കൂട്ടത്തില്‍ അല്‍പ്പം റിലാക്സ്ഡ് ആയിരിക്കുക രാമചന്ദ്രബാബു ആയിരിക്കുമെന്ന് തോന്നുന്നു. കാരണം അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ തന്നെ തലയെടുപ്പുള്ള ഛായാഗ്രാഹകനാണ്. പ്രൊഫസര്‍ ഡിങ്കന്‍റെ വിധി എന്തായാലും അത് രാമചന്ദ്രബാബുവിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ ഡിങ്കനായി മുടക്കിയിരിക്കുന്നത് വന്‍ തുകയാണ് എന്നത് പ്രശ്നം തന്നെയാണ്.