താരം ദിലീപ് തന്നെ, ഗ്യാംഗ്സ്റ്റര്‍ തവിടുപൊടി!

Webdunia
ചൊവ്വ, 6 മെയ് 2014 (14:47 IST)
വിഷുച്ചിത്രങ്ങളില്‍ ദിലീപ് സിനിമയായ റിംഗ് മാസ്റ്റര്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയചിത്രങ്ങളുടെ പട്ടികയില്‍ റിംഗ് മാസ്റ്റര്‍ ഇടം പിടിച്ചുകഴിഞ്ഞു. റാഫി സംവിധാനം ചെയ്ത ഈ സിനിമ സൂപ്പര്‍ഹിറ്റായതോടെ കഴിഞ്ഞ വര്‍ഷം ദിലീപിന് സംഭവിച്ച തിരിച്ചടിക്ക് പരിഹാരമായിരിക്കുകയാണ്.
 
എറണാകുളം പത്മ തിയേറ്ററിലെ കാര്യമെടുത്താല്‍, 606 സീറ്റാണ് അവിടത്തെ കപ്പാസിറ്റി. 21 ദിവസം റിംഗ് മാസ്റ്റര്‍ കളിച്ചപ്പോള്‍ പത്മയില്‍ ഗ്രോസ് കളക്ഷന്‍ വന്നത് 21.57 ലക്ഷം രൂപയാണ്. ഇതുതന്നെയാണ് എല്ലാ സെന്‍ററുകളിലെയും സ്ഥിതി. ഇപ്പോള്‍ തന്നെ മൊത്തം കളക്ഷന്‍ 15 കോടി കടന്ന് കുതിക്കുകയാണ്. 
 
സമ്മിശ്ര പ്രതികരണമാണ് റിലീസ് ചെയ്ത് ആദ്യ നാളുകളില്‍ റിംഗ് മാസ്റ്റര്‍ക്ക് ഉണ്ടായതെങ്കിലും പിന്നീട് കുട്ടികളും കുടുംബങ്ങളും ചിത്രം ഏറ്റെടുക്കുകയായിരുന്നു. അതോടെ റിംഗ് മാസ്റ്റര്‍ മാസ് ഹിറ്റായി മാറി.
 
കൂടെ റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളുടെ കാര്യമോ? സെവന്‍‌ത് ഡേ വിശേഷം അറിയണ്ടേ? അടുത്ത പേജിലേക്ക് നോക്കൂ..
 
അടുത്ത പേജില്‍ - വിജയത്തിന്‍റെ ഏഴാം നാള്‍!
സൂപ്പര്‍ കളക്ഷനാണ് ആദ്യനാളുകളില്‍ പൃഥ്വിരാജ് ചിത്രം സെവന്‍‌ത് ഡേ സ്വന്തമാക്കിയത്. മികച്ച തിരക്കഥയും പൃഥ്വിരാജിന്‍റെ അസാമാന്യ പ്രകടനവുമാണ് സെവന്‍‌ത് ഡേ ഹിറ്റാക്കി മാറ്റിയത്.
 
എന്നാല്‍ ആദ്യവാരം കഴിഞ്ഞപ്പോള്‍ ജനത്തിരക്കില്‍ കുറവുണ്ടായി. കളക്ഷന്‍ കുറഞ്ഞെങ്കിലും ശരാശരിയിലും താഴെ പോയില്ല. മികച്ച ത്രില്ലര്‍ എന്ന മൌത്ത് പബ്ലിസിറ്റി സിനിമയ്ക്ക് വളരെ ഗുണം ചെയ്തു. 
 
ഇതിനൊപ്പം റിലീസായ പോളിടെക്നിക് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ശരാശരി വിജയമാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മാതാവിന്‍റെ കൈപൊള്ളിക്കില്ല എന്നുറപ്പ്. എന്നാല്‍ വിഷുക്കാലത്ത് വമ്പന്‍ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യാതെ ഒഴിവുസമയത്ത് റിലീസ് ചെയ്തിരുന്നെങ്കില്‍ ഈ സിനിമ മികച്ച വിജയം കൊയ്യുമായിരുന്നു എന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ പറയുന്നത്.
 
മമ്മൂട്ടിച്ചിത്രത്തിന്‍റെ അവസ്ഥ അറിയേണ്ടേ? അടുത്ത പേജില്‍ വായിക്കൂ.
 
അടുത്ത പേജില്‍ - ഗ്യാംഗ്സ്റ്റര്‍ എന്ന ദുരന്തം!
ആദ്യദിവസം തന്നെ തിരിച്ചടി കിട്ടി മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഗ്യാംഗ്സ്റ്ററിന്. വളരെ മോശം ചിത്രം എന്ന മൌത്ത് പബ്ലിസ്റ്റിയും സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലെ ആക്രമണവും കുടുംബങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് ഒഴിഞ്ഞുനിന്നതും ചിത്രത്തെ പരാജയമാക്കി മാറ്റി.
 
ഫാമിലി ഓഡിയന്‍സിനെ ആകര്‍ഷിച്ചില്ല എന്നതുതന്നെ മുഖ്യ പരാജയകാരണം. മാത്രമല്ല, ക്ലൈമാക്സ് ഉള്‍പ്പടെയുള്ള കീ പൊസിഷനുകളില്‍ കടന്നുവന്ന അനിമേഷന്‍ രംഗങ്ങള്‍ മമ്മൂട്ടി ആരാധകരെ പോലും തൃപ്തരാക്കിയില്ല. ആഷിക് അബു നടത്തിയ പരീക്ഷണങ്ങളെല്ലാം സിനിമയ്ക്ക് ദോഷമായി ഭവിച്ചപ്പോള്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന മമ്മൂട്ടിക്ക് കനത്ത തിരിച്ചടിയായി ഗ്യാംഗ്സ്റ്റര്‍ മാറി.