താന്‍ കണ്ണകിയും ദ്രൌപതിയുമെന്ന് രഞ്ജിത

Webdunia
ശനി, 29 ജനുവരി 2011 (18:07 IST)
PRO
രാജാവിന്റെ കാമവെറിയെ എതിര്‍ത്ത്, പാതിവ്രത്യ ശുദ്ധികൊണ്ട് നഗരം എരിച്ച കണ്ണകിയെയും ദുര്യോധനന്‍ വസ്ത്രാക്ഷേപം ചെയ്ത കോപത്തില്‍ കൌരവര്‍ കൊല്ലപ്പെടും വരെ മുടിയഴിച്ചിട്ട ദ്രൌപതിയെയും പോലെയാണ് താനെന്ന് ‘അശ്ലീലവീഡിയോ’ വിവാദത്തില്‍ പെട്ട രഞ്ജിത. നിത്യാനന്ദയ്ക്കൊപ്പം തന്നെപ്പോലൊരു പെണ്ണിനെ വച്ച് അശ്ലീലവീഡിയോ എടുത്ത നീചന്മാര്‍ തന്റെ ശാപത്തില്‍ വെന്തെരിയുമെന്നും രഞ്ജിത പറഞ്ഞു. ഒരു പ്രമുഖ തമിഴ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്നെ കണ്ണകിയോടും ദ്രൌപതിയോടും രഞ്ജിത ഉപമിച്ചത്.

‘ആസാമി’ നിത്യാനന്ദയും രഞ്ജിതയും ലൈംഗികകേളിയില്‍ ഏര്‍പ്പെടുന്ന അശ്ലീലവീഡിയോ തെന്നിന്ത്യയെ പിടിച്ചുകുലുക്കിയിരുന്നു. നിത്യാനന്ദയുടെ മുന്‍ ശിഷ്യന്‍ ലെനിന്‍ കറുപ്പനാണ് ഈ വീഡിയോ മാധ്യമങ്ങള്‍ക്ക് എത്തിച്ചത്. തുടര്‍ന്ന് നിത്യാനന്ദയും രഞ്ജിതയും മുങ്ങി. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ വച്ച് നിത്യാനന്ദയെ പൊലീസ് പൊക്കി. രഞ്ജിതയാകട്ടെ തുടര്‍ന്നും ഒളിവിലായിരുന്നു. കേസ് ഒട്ടൊന്ന് ഒതുങ്ങിയപ്പോഴാണ് ഇപ്പോള്‍ വീണ്ടും രഞ്ജിത തലപൊക്കിയിരിക്കുന്നത്.

“വ്യാജ വീഡിയോ മാധ്യമങ്ങള്‍ക്ക് എത്തിച്ച ലെനിന്‍ കറുപ്പനെ മാത്രം പഴിചാരില്ല. ലെനിന് പിന്നില്‍ ഒരു കൂട്ടം നീചരായ ആളുകളുണ്ട്. അവരൊക്കെ ആരാണെന്ന് എനിക്ക് നന്നായിട്ടറിയാം. എന്നാല്‍ അവരുടെ പേര് പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ അവരെന്നെ കൊല്ലും. എനിക്ക് സമ്പൂര്‍ണ്ണ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഞാന്‍ അവരുടെ പേരുവിവരങ്ങള്‍ നല്‍കാം. വെറുതെ, രണ്ടോ മൂന്നോ പൊലീസുകാരെ എന്റെ സുരക്ഷയ്ക്കായി നല്‍കിയാല്‍ അവരുടെ പേര് പറയാന്‍ എനിക്കാകില്ല!”

“ഒരുകാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിലപ്പതികാരം, മഹാഭാരതം തുടങ്ങിയ പുരാണഗ്രന്ഥങ്ങളില്‍ ദുഷ്‌ടന്മാര്‍ നശിക്കുന്നത് പെണ്ണുകൊണ്ടാണ്. തന്നെ കാമപൂര്‍ത്തിക്കായി കിട്ടണം എന്ന് ശഠിച്ച രാജാവിനെയും രാജ്യത്തെയും കണ്ണകി എരിച്ചുകളഞ്ഞത് നമുക്കറിയാവുന്ന കഥയാണ്. കൌരവസഭയില്‍ വച്ച് തന്നെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന പ്രഭൃതികളുടെ രക്തം കൊണ്ട് മുടി കഴുകുന്നതുവരെ താന്‍ മുടിയഴിച്ചിട്ട് നടക്കും എന്ന് ശപഥം ചെയ്ത ദ്രൌപതിയെയും നമുക്കറിയാം. എന്നെ ഞാന്‍ ഉപമിക്കുന്നത് ഈ പുണ്യ പുരാതന കഥാപാത്രങ്ങളായാണ്. എന്റെ ജീവിതം തകര്‍ത്ത നീചന്മാരെ എന്റെ ശാപം പിന്തുടരും. അവരുടെ നാശം അടുത്തുതന്നെ ഉണ്ടാകും” -രഞ്ജിത പറയുന്നു.

വലിയ വാക്കുകളാണ് രഞ്ജിതയുടെ നാവില്‍ നിന്ന് ഉതിരുന്നതെങ്കിലും നടിക്കിപ്പോള്‍ വാടകവീട് പോലും കിട്ടാനാകാത്ത അവസ്ഥയാണ്. രഞ്ജിത ഇപ്പോള്‍ താമസിക്കുന്ന ടിനഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ ‘മാന്യരായ വീട്ടമ്മമ്മാര്‍ ഉള്ള ഫ്ലാറ്റ് സമുച്ചയമാണ് വൃത്തികേട് കാണിക്കുന്ന രഞ്ജിത ഉടന്‍ വീടൊഴിയണമെന്നും’ രഞ്ജിതയ്ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.