മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് ദുല്‍ക്കര്‍ സല്‍മാന്‍ പുറത്തുവന്നുകഴിഞ്ഞു. സൂര്യയുടെ അനുജന്‍ എന്ന വിശേഷണത്തില്‍ നിന്ന് കാര്‍ത്തിയും. ഇരുവരും സ്വന്തമായ പാതയിലൂടെ സിനിമാലോകത്ത് സൂപ്പര്‍താരങ്ങളായി മുന്നേറുകയാണ്.
ഈ രണ്ട് യുവ സൂപ്പര്‍സ്റ്റാറുകളും ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സാക്ഷാല്‍ മണിരത്നമാണ്. ‘ഉന്‍ പാര്‍വൈ മട്ടും’ എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ഇതൊരു പ്രണയകഥയല്ല, പ്രതികാര കഥയാണ്. ദുല്‍ക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രവും കാര്‍ത്തിയുടെ കഥാപാത്രവും തമ്മില്‍ കണ്ടാല്‍ കൊലപാതകം ഉറപ്പ് എന്ന രീതിയിലുള്ള ഒരു കഥ.
മലയാളത്തിലെ ‘താഴ്‌വാരം’ എന്ന ക്ലാസിക് സിനിമയുടെ ശൈലിയിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കീര്‍ത്തി സുരേഷ് ആയിരിക്കും ചിത്രത്തിലെ ഒരു നായിക. രവിവര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്‌മാന്‍.
പ്രതികാരമല്ല ഒരു പ്രശ്നത്തിന്‍റെ അവസാന പരിഹാരമെന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന സിനിമയായിരിക്കും ഉന്‍ പാര്‍വ മട്ടും. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമ മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാകും.
മണിരത്നത്തിന്‍റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ‘അഗ്‌നിനക്ഷത്രം’ ഓര്‍മ്മയുണ്ടാകുമല്ലോ. ആ സിനിമയില്‍ പരസ്പരം കരുക്കള്‍ നീക്കുന്ന കഥാപാത്രങ്ങളായാണ് പ്രഭുവും കാര്‍ത്തിക്കും അഭിനയിച്ചത്. ദളപതിയില്‍ ആദ്യം മമ്മൂട്ടിയുടെയും രജനിയുടെയും കഥാപാത്രങ്ങള്‍ ശത്രുക്കളായിരുന്നു. രാവണില്‍ വിക്രമും പൃഥ്വിയും ശത്രുക്കള്‍. ഇരുവറില്‍ ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന്‍റെയും പ്രകാശ് രാജിന്‍റെയും കഥാപാത്രങ്ങള്‍ പരസ്പരം പോരാടി.