ജെബി ജംഗ്ഷനിലെ ‘അങ്കമാലി’; വിമർശകർക്ക് ഇടിവെട്ട് മറുപടിയുമായി ജോൺ ബ്രിട്ടാസ്

ചൊവ്വ, 21 മാര്‍ച്ച് 2017 (10:17 IST)
കേരളത്തിലെ ക്രൈസ്തവ ചരിത്രത്തെത്തുറിച്ച്‌ നടത്തിയ പരാമര്‍ത്തെത്തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക്‌ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന്റെ വിശദീകരണം. ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷന്‍ പരിപാടിക്കിടെ നടത്തിയ പരാമര്‍ശം വിവാദമായതോടെയാണ് ഇതിന് വിശദീകരണവുമായി തന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുമായി സംസാരിക്കുകയായിരുന്നു ബ്രിട്ടാസ്.
 
ജോൺ ബ്രിട്ടാസിന്റെ വാക്കുകളിലൂടെ:
 
ഒരിടവേളക്ക് ശേഷം വീണ്ടും ഫേസ്ബുക്കിലേക്ക്. അങ്കമാലി ഡയറീസ് എന്ന സിനിമയുടെ പ്രവർത്തകരെ പങ്കെടുപ്പിച്ചു നടത്തിയ JB ജംക്ഷനിൽ ഞാൻ നടത്തിയ ഒരു പരാമർശത്തെ അടർത്തിയെടുത്ത് ഒരു വിഭാഗം വിവാദം സൃഷ്ടിക്കുന്നതാണ് ഈ കുറിപ്പിനുള്ള പശ്ചാത്തലം.
 
ഹിന്ദു മതത്തിന് മുൻപ് ക്രിസ്തുമതം ഇന്ത്യയിൽ വന്നു എന്ന രൂപത്തിൽ ഞാൻ എന്തോ പ്രസ്താവന നടത്തി എന്നാണ് ചിലരുടെ കണ്ടെത്തൽ. ലിജോ പല്ലിശ്ശേരി തന്റെ ചിത്രങ്ങളിൽ സ്ഥിരമായി ക്രിസ്ത്യൻ FOLK സംഗീതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യമാണ് വിവാദത്തിനാധാരം. ഇന്നത്തെ രൂപത്തിൽ നമ്മൾ കാണുന്ന ഹിന്ദുമതം (ബ്രാഹ്മണൻ മുതൽ താഴേക്കുള്ള ജാതി ഘടനകൾ), ഉരുത്തിരിയുന്ന ഘട്ടത്തിലോ അതിനു മുൻപോ ക്രൈസ്തവ വിശ്വാസം കേരളക്കരയിലെത്തിയെന്നും അത് തികച്ചും തദ്ദേശീയ സ്വഭാവമാണ് ആർജ്ജിച്ചിരുന്നതെന്നുമാണ് ഞാൻ സൂചിപ്പിച്ചത്. നമ്പൂതിരിമാർ കേരളത്തിലേക്ക് വന്നത് ക്രിസ്തുവർഷം 7ഓ 8ഓ നൂറ്റാണ്ടിലാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
 
എന്നാൽ ഇതൊന്നുമായിരുന്നില്ല യഥാർത്ഥ വിഷയം. തികച്ചും തദ്ദേശീയ ജീവിതരീതികൾ തുടർന്നിരുന്ന നസ്രാണികളുടെ കലയ്ക്കും സംഗീതത്തിനും ആ സ്വഭാവം തന്നെയാണ് ഉണ്ടായിരുന്നത്. എന്നാൽ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയുമൊക്കെ വരവോടെ നസ്രാണി സമൂഹത്തെ പാശ്ചാത്യവൽക്കരിക്കുകയും തനതായ ജീവിത സംസ്കൃതികൾ പിഴുതെറിയുകയും ചെയ്തു. ഈ പരാമർശം ഇടതും വലതുമായ ചരിത്രകാരന്മാർ അംഗീകരിക്കുന്ന കാര്യമാണ്. 
 
പോർച്ചുഗീസുകാരുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന ഉദയം പേരൂർ സുന്നഹദോസ്, നസ്രാണി സമൂഹത്തെ യൂറോപ്യൻ ക്രൈസ്തവധാരയുടെ വാലിൽ കെട്ടിയിടാനുള്ള ആദ്യ ശ്രമമായിരുന്നു. കൂനൻ കുരിശു സത്യം എന്നുള്ളത് പാശ്ചാത്യ വൽക്കരണത്തിനെതിരെയുള്ള നസ്രാണികളുടെ ആദ്യത്തെ കലാപമായിരുന്നു. ഇതിനെ കൊളോണിയൽ വിരുദ്ധ പോരാട്ടമായിക്കാണുന്ന ചരിത്രകാരന്മാരാണ് കൂടുതൽ. എന്നാൽ ഇതൊക്കെ അടിച്ചമർത്തപ്പെട്ടു. അങ്ങിനെ നസ്രാണി സമൂഹത്തിന്റെ തനതായ പലതും നഷ്ടപ്പെട്ടു.
 
എന്റെ പരാമർശം കൊണ്ട് ആർക്കെങ്കിലും വിഷമമുണ്ടാകുന്നുണ്ടെങ്കിൽ അത് യഥാർത്ഥത്തിൽ യൂറോപ്യൻ വൽക്കരണത്തിന് വിധേയരായ ക്രൈസ്തവർക്കാണ്. എന്നാൽ കേട്ട പാതി കേൾക്കാത്ത പാതി, എന്റെ പ്രിയപ്പെട്ട സ്ഥിരം വിമർശകർ പടപ്പുറപ്പാടുമായി രംഗത്ത് വന്നിരിക്കുകയാണ്. അവർക്കൊരു രാഷ്ട്രീയമുള്ളതുകൊണ്ട് എനിക്കതു മനസ്സിലാകും. എന്നെ ഒരു കളത്തിൽ എങ്ങനെയെങ്കിലും പിടിച്ചിടേണ്ടത് അവരുടെ നീണ്ടകാലത്തെ ദൗത്യമാണ്.
 
ശ്രീ ശ്രീ രവിശങ്കറേയും മാതാ അമൃതാനന്ദമയിയേയും സിസ്റ്റർ ജെസ്മിയെയും അഭിമുഖം ചെയ്തപ്പോൾ ക്രൈസ്തവ മതമൗലികവാദികൾ എന്നെ ക്രിസ്ത്യൻ വിരുദ്ധനായി മുദ്രകുത്തുകയുണ്ടായി. പാണക്കാട് ശിഹാബ് തങ്ങളോട് "ആവശ്യമില്ലാത്ത ചോദ്യങ്ങൾ" ചോദിച്ചു എന്ന കാരണത്താൽ ഒരു വിഭാഗം ലീഗുകാർ എനിക്കെതിരെ ഹാലിളകി വന്നു.
 
ഗെയിൽ ട്രെഡ്‌വെൽ നെ അഭിമുഖം ചെയ്തപ്പോൾ എന്നെ ഹിന്ദുവിരുദ്ധനാക്കാനായിരുന്നു ചിലരുടെ തത്രപ്പാട്. ആ കള്ളിയിൽ എന്നെ ഒതുക്കാൻ കഴിയാത്തതുകൊണ്ടാകാം, ഒരു സിനിമാ ആസ്വാദന വിനോദ പരിപാടിക്കിടയിലെ പരാമർശത്തെ വളച്ചുകൂട്ടി ഇപ്പോഴത്തെ പടപ്പുറപ്പാട്. ദേശീയ രാഷ്ട്രീയത്തിലെ ചില സംഭവ വികാസങ്ങൾ ഇതിനവർക്ക് ഊർജ്ജം പകരുന്നുണ്ടാവും. എന്നാൽ അവരിൽ സുബോധം ഉള്ള ചിലർ എന്നെ വിളിച്ചു പറഞ്ഞു "ഞങ്ങൾ പറയാൻ ശ്രമിക്കുന്നതല്ലേ യഥാർത്ഥത്തിൽ താങ്കൾ പറഞ്ഞു വച്ചത്" എന്ന്. വർഗീയതയുടെ തിമിരവും വിവരക്കേടിന്റെ അന്ധതയും കൂടിച്ചേരുമ്പോൾ ചിലർക്ക് ഓരിയിടാനേ കഴിയൂ. നമുക്ക് മുൻപോട്ടു പോകാമല്ലേ.

വെബ്ദുനിയ വായിക്കുക