സിനിമകള്‍ തികഞ്ഞ എന്റര്ടെയ്നറാകണമെന്ന അഭിപ്രായമുള്ള സംവിധായകനാണ് അന്‍വര്‍ റഷീദ്. എത്ര ഗൌരവമുള്ള വിഷയവും ആര്‍ക്കും ആസ്വദിക്കാവുന്ന വിധത്തില്‍ പറഞ്ഞുഫലിപ്പിക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രാജമാണിക്യവും ഛോട്ടാമുംബൈയും അണ്ണന്‍തമ്പിയും സൂപ്പര്‍ മസാല എന്റര്ടെയ്നറായിരുന്നെങ്കില് ഉസ്താദ് ഹോട്ടല്‍ ഒരു ക്ലാസിക് എന്റര്‍ടെയ്നറായിരുന്നു.
അന്‍വര്‍ റഷീദ് ആദ്യമായി നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്സ് മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ ചെയ്യുന്ന അന്‍വര്‍ റഷീദ് ഏറെ ഹോംവര്‍ക്കിന് ശേഷം തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ അന്‍വര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു കോമഡി എന്റര്ടെയ്നറായിരിക്കും.
മോഹന്‍ലാലിനൊപ്പം അന്‍വര്‍ റഷീദ് മുമ്പ് കൈകൊടുത്തപ്പോള്‍ ആഘോഷചിത്രമായ ഛോട്ടാമുംബൈ ആണ് പിറന്നത്. മറ്റൊരു ഛോട്ടാമുംബൈക്കാണ് ഈ കൂട്ടുകെട്ട് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.