ആരാധകർക്കായി സ്പെഷ്യൽ ഷോകൾ, ഗ്രേറ്റ് ഫാദർ കളി അവസാനിപ്പിക്കില്ല!

വ്യാഴം, 6 ഏപ്രില്‍ 2017 (15:55 IST)
സിനിമയുടെ നിലവാരമോ, നായകന്റെ അഭിനയമികവോ അല്ല താരസിനിമകളുടെ കളക്ഷന്‍ കണക്കുകളെ ചൊല്ലിയാണ് ഫാന്‍സുകളുടെ പോര്. മോഹൻലാലിന്റെ പുലിമുരുകന്റെ ആദ്യ ദിവസത്തെ കളക്ഷൻ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ വെട്ടിച്ചുവെന്ന് നിര്‍മ്മാതാക്കളായ പൃഥ്വിരാജും ഷാജി നടേശനും അറിയിച്ചതോടെ മോഹന്‍ലാല്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുമായി എത്തിയിരുന്നു. 
 
സിനിമയുടെ ആദ്യദിന കളക്ഷനെ ചൊല്ലിയുടെ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് തമ്മിലടി ഈ രണ്ട് നടന്‍മാരെയും അവഹേളിക്കുന്ന തരത്തിലെത്തിയിരുന്നു. പിന്നീട് കളക്ഷൻ റിപ്പോർട്ടുകൾ മമ്മൂട്ടി നേരിട്ട് വ്യക്തമാക്കി. അപ്പോഴും ആരോപണങ്ങൾ ഉന്നയിക്കാൻ മോഹൻലാൽ ഫാൻസ് എത്തിയിരുന്നു. കണക്കുകളില്‍ കള്ളമുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ആരാധകരുടെ ആരോപണം. 
 
മമ്മൂട്ടി ചിത്രത്തിന്റെ ആദ്യദിന ഇനീഷ്യലിനെ പിന്നിലാക്കാന്‍ ഫാന്‍സ് ഷോയും അധികപ്രദര്‍ശനവുമായി തയ്യാറെടുക്കുകയാണ് മോഹന്‍ലാല്‍ ഫാന്‍സ്. ഏപ്രില്‍ 7ന് റിലീസ് ചെയ്യുന്ന 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷനാക്കി മാറ്റാണ് ആരാധകരുടെ നീക്കം.
 
200ലേറെ തിയറ്ററുകളും ആയിരത്തിനടുത്ത് ഷോകളും സാധ്യമായാല്‍ മാത്രമേ നാല് കോടിക്ക് മുകളിലേക്ക് ഗ്രോസ് നേടാനാകൂ എന്നതും വസ്തുതയാണ്. അതേസമയം, 1971 റിലീസ് ദിനത്തില്‍ ദ ഗ്രേറ്റ് ഫാദറിന്റെ ഫാന്‍സ് സ്‌പെഷ്യല്‍ ഷോ സംഘടിപ്പിക്കാനാണ് മമ്മൂട്ടി ആരാധകരുടെ നീക്കം. ഫാൻസ് ഷോ അന്നേദിവസം നടത്തിയാൽ അത് മോഹൻലാൽ ചിത്രത്തെ ബാധിക്കു‌മെ‌ന്ന് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക