ആമിര്‍ഖാന്‍ അങ്ങനെയാണ്. മറ്റുള്ളവര്‍ കാണാത്തത് കാണാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ചൈന ഒരു വലിയ സിനിമാവിപണിയാണെന്ന് തിരിച്ചറിയാന്‍ ആമിറിന് കഴിഞ്ഞപ്പോള്‍ ദംഗല്‍ എന്ന ചിത്രം വാരിക്കൂട്ടിയത് 2000 കോടി!. അതുപോലെയുള്ള വിസ്മയകരമായ കണ്ടെത്തലുകള്‍ ആമിര്‍ എപ്പോഴും നടത്താറുണ്ട്.
തെന്നിന്ത്യയുടെ ഗജിനിയെ ബോളിവുഡിലേക്ക് പറിച്ചുനട്ടത് അത്തരമൊരു തീരുമാനമായിരുന്നു. ധൂം 3യില്‍ വില്ലനായതും താരേ സമീന്‍ പര്‍ സംവിധാനം ചെയ്തതും ലഗാന്‍ നിര്‍മ്മിച്ചതുമൊക്കെ അത്തരം തീരുമാനങ്ങളില്‍ ചിലതുമാത്രം. എന്തായാലും അവയെല്ലാം വമ്പന്‍ വിജയമായിത്തീരുന്നത് ഒരു തികഞ്ഞ പ്രൊഫഷണലിന്‍റെ കരവിരുത്.
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ഹിന്ദി സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്. ആമിര്‍ഖാനെ നായകനാക്കിയാണ് ഗ്രേറ്റ്ഫാദറിന്‍റെ ഹിന്ദി റീമേക്ക് വരികയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ദംഗലിന്‍റെ മഹാവിജയത്തിന് ശേഷം വ്യത്യസ്തമായ സബ്ജക്ടുകള്‍ തേടുന്ന ആമിറിനെ ദി ഗ്രേറ്റ്ഫാദര്‍ ആകര്‍ഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ആമിറിലെ താരത്തിനും നടനും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രം തന്നെയാണ് ദി ഗ്രേറ്റ്ഫാദറില്‍ മമ്മൂട്ടി അവതരിപ്പിച്ച ഡേവിഡ് നൈനാന്‍.
മലയാളത്തില്‍ മെഗാഹിറ്റായ സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്കുകളും ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് റീമേക്ക് ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്യാനും സാധ്യത കാണുന്നുണ്ട്.